പ്രകൃതിക്കായി പ്രതിജ്ഞപുതുക്കി സീഡ് ആറാം വര്ഷത്തിലേക്ക്

Posted By : ksdadmin On 14th June 2014


 കാസര്കോട്: ആസന്നമരണയായ ഭൂമിക്ക് ആത്മശാന്തി നേര്ന്ന് വെറുതേയിരിക്കാനാകില്ലെന്ന പ്രതിജ്ഞയോടും വിഷമില്ലാത്ത നാളെയെ സ്വപ്നം കണ്ട് സ്കൂള്വളപ്പില് കറിവേപ്പുതൈകള് നട്ടുപിടിപ്പിച്ചും ‘സീഡ്’ ആറാം വര്ഷത്തേക്ക്. ഫെഡറല് ബാങ്കുമായി ചേര്ന്ന് മാതൃഭൂമി നടപ്പാക്കുന്ന സീഡിന്റെ ജില്ലാതല ഉദ്ഘാടനം ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാസര്കോട് ഗവ. ഹയര് സെക്കൻഡറി സ്കൂളില് നടന്നു. സ്കൂളിലെ സീഡിന്റെ പ്രവര്ത്തനങ്ങള്ക്ക് എന്നും മുന്നില്നില്ക്കുന്ന ഒമ്പതാംതരം വിദ്യാര്ഥി എം.ശ്രീനാഥ് കറിവേപ്പുതൈ നട്ട് ഈ വര്ഷത്തെ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു. ജില്ലയിലെ ആയിരക്കണക്കിന് സീഡ് അംഗങ്ങളെ പ്രതിനിധീകരിച്ചാണ് ശ്രീനാഥ് ഉദ്ഘാടനം നിര്വഹിച്ചത്.

ചടങ്ങില് കാസര്കോട് നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. വളര്ന്നുവരുന്ന തലമുറയ്ക്ക് പരിസ്ഥിതിസംരക്ഷണത്തിന്റെയും സമൂഹനന്മയുടെയും നല്ലപാഠങ്ങള് പകര്ന്നുനല്കുന്ന സീഡിന്റെ പ്രവര്ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള് പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദുകുഞ്ഞി അധ്യക്ഷനായി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന് ഇ.അബ്ദുള്റഹിമാന്കുഞ്ഞ്, വാര്ഡ് കൗണ്സിലര് ടി.എ.മുഹമ്മദുകുഞ്ഞി, പി.ടി.എ. വൈസ് പ്രസിഡന്റ് ഉബൈദുള്ള കടവത്ത്, പ്രിന്സിപ്പല് എം.ചന്ദ്രകല, ഫെഡറല് ബാങ്ക് കാസര്കോട് ശാഖാ മാനേജര് ബൈജു ജോണ്, സ്കൂള് സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേശന് എന്നിവര് സംസാരിച്ചു.
മാതൃഭൂമി സീനിയര് കറസ്പോണ്ടന്റ് കെ.രാജേഷ് കുമാര് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീഡ് ക്ലബ് അംഗം ദേവീകിരണ് പരിസ്ഥിതികവിത ആലപിച്ചു. പ്രഥമാധ്യാപിക എം.ബി.അനിതാബായ് സ്വാഗതവും സീഡ് കോ-ഓർഡിനേറ്റര് പി.ടി.ഉഷ നന്ദിയും പറഞ്ഞു.
 

Print this news