ഒറ്റപ്പാലം: സ്‌കൂള്‍മുറ്റത്ത് കുട്ടിക്കര്‍ഷകരുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവമായി.72 കിലോ പച്ചക്കറി വിളയിച്ച് പഠനത്തോടൊപ്പം കൃഷിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് വിദ്യാര്‍ഥികള്‍ തെളിയിച്ചു. ചെറുമുണ്ടശ്ശേരി യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പച്ചക്കറിക്കൃഷിയൊരുക്കിയത്. വെണ്ട, പയര്‍, പാവല്‍, വെള്ളരി, കുമ്പളം, മത്തന്‍, വഴുതിന, ചെറുകിഴങ്ങ്, ചീര, ഇഞ്ചി എന്നിങ്ങനെ എല്ലാ പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നു. നെല്‍ക്കൃഷി പ്രോത്സാഹനത്തിനായി കരനെല്‍ക്കൃഷിയും ചെയ്യുന്നുണ്ട്. കുട്ടികളുടെയും നാട്ടുകാരുടെയും വീടുകളില്‍നിന്നുള്ള ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പൈപ്പ് കമ്പോസ്റ്റില്‍നിന്നുള്ള വളവും പ്രയോജനപ്പെടുത്തുന്നു. അമ്പലപ്പാറ കൃഷിഭവന്റെ 'സ്‌കൂളിലൊരു പച്ചക്കറിത്തോട്ടം' പദ്ധതിയിലും വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിളവെടുപ്പുത്സവം കൃഷി ഓഫീസര്‍ എം. നൂറുദ്ദീന്‍ ഉദ്ഘാടംചെയ്തു. അധ്യാപകര്‍ക്ക് തെങ്ങിന്‍തൈകള്‍ നല്‍കി ഗുരുവന്ദനം പരിപാടിയും നടന്നു. പ്രധാനാധ്യാപിക കെ. ഇന്ദിര, അധ്യാപിക കെ. ചന്ദ്രിക എന്നിവര്‍ക്കാണ് തൈകള്‍ നല്‍കിയത്. കുട്ടികള്‍ തയ്യാറാക്കിയ പ്രകൃതി സൗഹൃദ ആശംസാകാര്‍ഡുകള്‍ അധ്യാപകര്‍ക്ക് സമ്മാനിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, ടി. പ്രകാശ്, കെ. സുനീഷ്‌കുമാര്‍, ഡി. ഗോപീകൃഷ്ണന്‍, കെ. ധന്യ എന്നിവര്‍ നേതൃത്വംനല്‍കി.