വടക്കഞ്ചേരി: തരിശായിക്കിടന്ന ഭൂമിയില്‍ 'സീഡ്' കൂട്ടായ്മയില്‍ ഒരുക്കിയ പച്ചക്കറി ക്കൃഷിയില്‍നിന്ന് വിളവെടുപ്പ്. കിഴക്കഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് മാതൃകാ കൃഷിസംരംഭത്തിന് നേതൃത്വമേകിയത്. സ്‌കൂളിനടുത്തുള്ള തരിശായിക്കിടന്ന 50 സെന്റിലാണ് പച്ചക്കറിക്കൃഷിക്ക് വിത്തിറക്കിയത്. പഠനത്തോടൊപ്പം ദിവസേന സീഡംഗങ്ങളുടെ പ്രത്യേക പരിപാലനവും കൂടിയായപ്പോള്‍ പച്ചക്കറിക്കൃഷി വിജയമായി. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് നല്‍കുന്ന കൂട്ടുകറിക്കുതന്നെയാണ് വിദ്യാര്‍ഥികള്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ഉപയോഗിക്കുക. പാവല്‍, പയര്‍, വെണ്ട, ചീര, തക്കാളി, മുളക്, വഴുതിന എന്നിവയാണ് കൂട്ടിക്കൂട്ടമൊരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങള്‍. തരിശുഭൂമിയിലെ കൃഷിപരിപാലനത്തിനും സഹായത്തിനും കുട്ടികള്‍ക്ക് കൂട്ടായി കിഴക്കഞ്ചേരി കൃഷിഭവന്‍ അധികൃതരും അധ്യാപകരുമെല്ലാം ഉണ്ടായിരുന്നു. വിളവെടുപ്പുത്സവം ഹെഡ്മിസ്ട്രസ് പി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍റഹ്മാന്‍, അധ്യാപകരായ അശോകന്‍, പി.കെ. മാത്യു, സുനിത, സീഡ് അംഗങ്ങളായ ഷിബിന്‍, ജംഷീര്‍, സാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.