ഒറ്റപ്പാലം: നന്മയും സ്‌നേഹവും ഈ കുട്ടികള്‍ക്ക് പാഠപുസ്തകത്തിലെ വാക്കുകളല്ല. അസുഖബാധിതനായ ചെറുമുണ്ടശ്ശേരി കല്ലിങ്കല്‍ കുമാരന് സഹായമെത്തിച്ച് ജീവിതത്തില്‍ നന്മയുടെ കൈത്തിരികള്‍ തെളിയിക്കയായിരുന്നു ഇവര്‍. കുട്ടികള്‍ സ്വരൂപിച്ച ഒരുചാക്കരിയും ഓണക്കോടിയും ഓണക്കിറ്റും കുമാരന് കൈമാറി. 'സഹജീവിക്കൊരുപിടിച്ചോറ്' പദ്ധതിയുടെ ഭാഗമായി ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് ഈ സ്‌നേഹസ്പര്‍ശം നല്‍കിയത്. ഭക്ഷണം പാഴാക്കാതെ ഒരുപിടിയരി ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റിവെക്കുകയാണിവര്‍. പഞ്ചായത്തംഗം മുഹമ്മദ്കാസിം അഞ്ച്കിലോ അരിനല്‍കി പങ്കുചേര്‍ന്നു. നാഡീസംബന്ധമായ അസുഖത്താല്‍ കുമാരന് കാഴ്ച നഷ്ടപ്പെടുകയായിരുന്നു. മകന്‍ 15 വര്‍ഷം മുമ്പ് മരിച്ചു. മകള്‍ ചികിത്സയിലാണ്. ഇതറിഞ്ഞാണ് വിദ്യാര്‍ഥികള്‍ സഹായമെത്തിച്ചത്. സോപ്പുനിര്‍മാണത്തിലൂടെ ലഭിക്കുന്ന തുകയും കുടുംബത്തിന് നല്‍കും. 'ചങ്ങാതിക്കൊരു പുതുവസ്ത്രം' പദ്ധതിയില്‍ സീഡ്ക്ലബ്ബ് അംഗങ്ങള്‍ സ്വരൂപിച്ച തുക കൊണ്ട് 10 സഹപാഠികള്‍ക്ക് ഓണക്കോടിയും നല്‍കി. പ്രധാനാധ്യാപിക കെ. ഇന്ദിര, പഞ്ചായത്തംഗം പി. മുഹമ്മദ് കാസിം, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.