സീഡ് സാന്ത്വനപരിചരണത്തിനും; റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറി

Posted By : ptaadmin On 19th November 2013


കലഞ്ഞൂര്‍:കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബും എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറിന് സമര്‍പ്പിച്ചു. ജില്ലയിലെ ഹയര്‍സെക്കന്‍ഡറിതലത്തില്‍ പദ്ധതിക്ക് തുടക്കമിടുന്ന ആദ്യ സ്‌കൂളാണിത്. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 12, 10 വാര്‍ഡിലാണ് പദ്ധതി ആദ്യം തുടങ്ങുക.
സ്‌നേഹവും പരിചരണവും ആവശ്യമുള്ള രോഗബാധിതരായവരെ ആഴ്ചയിലൊരിക്കല്‍ സീഡ് ക്ലബംഗങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ സഹായം നല്‍കുകയും ചെയ്യുകയാണ് ലക്ഷ്യം. വിവിധ സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും കുട്ടികളുടെയും സഹകരണത്തോടെ മരുന്നും ഉപകരണങ്ങളും നല്‍കുന്ന പദ്ധതിയും ഇതിനൊപ്പമുണ്ട്.
 പഠനത്തിനൊപ്പം സാമൂഹികസേവനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സീഡ്, എന്‍.എസ്.എസ്. ക്ലബംഗങ്ങളെ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അനുമോദിച്ചു.
    സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.മുരളീധരന്‍നായര്‍, പി.ടി.എ. പ്രസിഡന്റ് കലഞ്ഞൂര്‍ രാധാകൃഷ്ണന്‍പിള്ള, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജെ.പ്രദീപ്കുമാര്‍, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ സജയന്‍ ഓമല്ലൂര്‍, ഡി.അശോകന്‍, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ മുരളീധരന്‍, നജിമുനീസ, പ്രമോദ് മാത്യു, ബെനഡിക്ട്, ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി പ്രത്യേക സേന സ്‌കൂളില്‍ രൂപവത്കരിച്ചിട്ടുണ്ട്.
 

Print this news