കോഴഞ്ചേരി:വരട്ടാറിന്റെ ഭൂസ്ഥിതി നേരിട്ട് മനസ്സിലാക്കാനായി നദിയുടെ തീരങ്ങൾ സന്ദർശിച്ച കവിയൂർ എൻ.എസ്.എസ്. എച്ച്.എസ്.എസ്സിലെ കുട്ടികൾ നദിയുടെ പൂർവരൂപം വായിച്ചെടുക്കാൻ ബുദ്ധിമുട്ടി.
നദി നേരിട്ട് കാണാൻ 40 കുട്ടികളടങ്ങുന്ന സംഘം ആദ്യം എത്തിയത് കോയിപ്രം പഞ്ചായത്തിലെ വഞ്ഞിപ്പോട്ട് കടവിലെ ചപ്പാത്തിലേക്കായിരുന്നു. പുസ്തകത്താളുകളിൽ വായിച്ചറിഞ്ഞ ആദിപമ്പ കാണാനെത്തിയ കുട്ടികൾക്ക് കാണാൻ കഴിഞ്ഞത് ചെളി നിറഞ്ഞ് അങ്ങിങ്ങായി കിടക്കുന്ന വെള്ളക്കെട്ടുകളും മണൽകയറി മൂടിയ ഉറവകളും മാത്രം.
നദീതീരവാസികളിൽനിന്ന് വരട്ടാറിന്റെ ആദിരൂപം അറിഞ്ഞ കുട്ടികൾക്ക് ഏറെ അത്ഭുതമുളവാക്കി. 60 മീറ്റർ ദൂരത്തിൽ നിറഞ്ഞൊഴുകിയിരുന്ന കടത്തുവള്ളം ഉപയോഗിച്ച് ഇരുകരകളിലേക്ക് പോകുകയും ചെയ്തിരുന്ന, ചരക്കുമായി കെട്ടുവള്ളങ്ങൾ എത്തിയിരുന്ന സമ്പന്നമായ ഭൂതകാലം നദീതീരവാസികൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി. നദിയിൽ മണൽ നിറഞ്ഞ് കിക്കുന്നതും നദിയിലെ അശാസ്ത്രീയമായ ചപ്പാത്ത് നിർമ്മാണവും നീരൊഴുക്ക് നഷ്ടപ്പെട്ടതുമൂലം നദിയുടെ കരകൾ കൈയേറിയതും നേരിൽക്കണ്ട വിദ്യാർഥികൾ ദുരവസ്ഥയുടെ കാരണം പഠിച്ച് നദി വീണ്ടെടുക്കാൻ വിശദമായ പദ്ധതി തയ്യാറാക്കി ആദ്യഘട്ടമായി ജില്ലാ പഞ്ചായത്തിന് സമർപ്പിക്കാനും തീരുമാനിച്ചു.
സീഡ് കോ-ഓർഡിനേറ്റർ പി.വി.രജിത, എൻ.ഗീതാകുമാരി, കെ.എൻ.അമ്പിളി, അജിത്കുമാർ എന്നീ അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായി.