അടൂര്‍: തലമുറകള്‍ക്ക് ജീവജലം പകര്‍ന്ന പള്ളിക്കലാറിനെ മാലിന്യമുക്തമാക്കണമെന്നും നദീസംരക്ഷണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള പഠനറിപ്പോര്‍ട്ട് മാതൃഭൂമി സീഡ് ക്ലബ്ബ് റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന് കൈമാറി.
വര്‍ഷങ്ങളായി സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റുള്ളവരുടെയും അനാസ്ഥയില്‍ മാലിന്യവാഹിനിയായി ഒഴുകുന്ന പള്ളിക്കലാറിന്റെ (അടൂര്‍ വലിയതോട്) ദുരവസ്ഥ അറിയാന്‍ പറക്കോട് പി.ജി.എം. ബോയ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് പഠനയാത്ര നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 42 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ ഉത്ഭവം മുതല്‍ ഒടുക്കം വരെ സീഡ് പ്രവര്‍ത്തകര്‍ യാത്രചെയ്തപ്പോള്‍ വളരെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്.
മാലിന്യങ്ങള്‍, കൈയേറ്റങ്ങള്‍ തുടങ്ങി നിരവധി നിയമലംഘന പ്രവര്‍ത്തനങ്ങള്‍ കാലങ്ങളായി ഇവിടെ നടന്നുവരുമ്പോഴും നടപടികള്‍ പ്രഹസനമാവുകയാണ്. പൊതുമരാമത്തുവകുപ്പാണ് പള്ളിക്കലാറിനെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്. അടൂര്‍ നഗരത്തിലെ മാലിന്യം നിറഞ്ഞ ഓടകള്‍ നദിയിലേക്ക് തുറന്നുവിട്ടിരിക്കുകയാണ്. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍ എത്തുമ്പോള്‍, മാലിന്യം നിറഞ്ഞ നദി ദുര്‍ഗന്ധം വമിച്ച് ഒഴുകുന്നത് അധികൃതരുടെ കണ്‍മുമ്പിലൂടെയാണ്.
പള്ളിക്കലാറില്‍ അറവുശാലകളിലെ മാലിന്യം, വര്‍ക്ക്‌ഷോപ്പുകളില്‍നിന്നുള്ള കരിയോയില്‍, ഹോട്ടല്‍, ആസ്പത്രിമാലിന്യങ്ങള്‍ തുടങ്ങി എല്ലാവിധ വസ്തുക്കളും ഒഴുക്കിവിടുന്ന കാഴ്ചകള്‍ കണ്ടറിഞ്ഞതും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നദിയില്‍നിന്ന് മണല്‍ വാരുന്നതും നദിക്കരികില്‍നിന്ന് ഇഷ്ടികനിര്‍മാണത്തിനായി വലിയ കുഴികളുണ്ടാക്കി ചെളിയെടുക്കുന്നതും കൈയേറ്റങ്ങളും ഇതിന്റെ മരണമണി മുഴക്കുകയാണ്.
റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ റവന്യു വകുപ്പ് മന്ത്രി ഇത് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സീഡ് ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ്, എം.എച്ച്.ഗിരീഷ്, വികാസ്, ജസ്റ്റിന്‍രാജ്, വിഷ്ണുമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.