കലഞ്ഞൂര്‍: ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായം പുതുതലമുറയിലെ കുട്ടികളെ ഓര്‍മ്മപ്പെടുത്തി സ്‌കൂള്‍മുറ്റത്ത് കുടിപ്പള്ളിക്കൂടം ഒരുക്കി കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബും എന്‍.എസ്.എസ്സും ചേര്‍ന്ന് അക്ഷരോത്സവം നടത്തി.
ഗുരുകുലത്തിന്റെ തനത് സവിശേഷതകളെല്ലാം ഉള്‍കൊള്ളിച്ചായിരുന്നു സ്‌കൂള്‍മുറ്റത്ത് അക്ഷരക്കൂട്ടായ്മ ഒരുക്കിയത്. എഴുത്തുപള്ളിക്കൂടം, എഴുത്താശാന്മാര്‍, എഴുത്തോല, നാരായം എന്നിവയെല്ലാം പുതിയ തലമുറയ്ക്ക് മുന്‍പില്‍ എത്തിച്ചിരുന്നു. മലയാള അക്ഷരങ്ങളുടെ മധുരം നുകരുന്നതിനൊപ്പം മറ്റു ഭാഷകളിലെ അക്ഷരങ്ങളും വിവിധ അധ്യാപകര്‍ ബോര്‍ഡില്‍ എഴുതി. അക്ഷരക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് പഴയകാല എഴുത്താശാട്ടി സരസ്വതിയമ്മാളാണ്. തലമുറകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ സരസ്വതിയമ്മാള്‍ മലയാള അക്ഷരങ്ങള്‍ക്കൊപ്പം 'സ്‌നേഹമാണഖിലസാരമൂഴിയില്‍' എന്നെഴുതി കുട്ടികളോട് ആദ്യകാല പഠനരീതികളെപ്പറ്റി വിവരിച്ചത് പുതിയ അനുഭവമായി.
വൈസ് പ്രിന്‍സിപ്പല്‍ നെജുമുനിസ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി.അശോകന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പ്രദീപ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി സജയന്‍ ഓമല്ലൂര്‍, സച്ചില്‍കുമാര്‍, ലേഖ ബി.നായര്‍, അശ്വതി, സ്മിത, സിന്ധു, ശുഭറാണി എന്നിവര്‍ പങ്കെടുത്തു.