അടൂര്‍:കാവുകളുടെ ജൈവവൈവിധ്യം അറിയുന്നതിനായി പറക്കോട് പി.ജി.എം.ബോയ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠനയാത്രനടത്തി. വ്യത്യസ്തതരത്തിലുള്ള വൃക്ഷങ്ങള്‍, ചെടികള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍ എന്നിവയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനുമാണ് പഠനയാത്ര ലക്ഷ്യമിട്ടത്.കാവും കുളങ്ങളും ഓരോ പ്രദേശങ്ങളിലെയും കാര്‍ഷിക മേഖലയ്ക്കും ജനജീവിതത്തിനും നല്കിയ നേട്ടങ്ങള്‍ യാത്രയില്‍ ചര്‍ച്ചചെയ്തു. പറക്കോട് മടയേരി കാവില്‍ ധനുവച്ചപുരം വി.ടി.എം. എന്‍.എസ്.എസ്.കോളേജ് ബോട്ടണിവിഭാഗം മേധാവി പ്രൊഫ. സി.എം.പ്രകാശ് കുട്ടികള്‍ക്ക് കാവുകളുടെ ജൈവവൈവിധ്യം വിവരിച്ചു നല്‍കി. വെട്ടിനശിപ്പിക്കുന്ന ചെടികളുടെയും വൃക്ഷങ്ങളുടെയും ഔഷധഗുണത്തെപ്പറ്റി മനസ്സിലാക്കിയ സീഡ് ക്ലബ്ബംഗങ്ങള്‍ ഇവയെ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞയും എടുത്തു. പ്രകൃതിയുടെ ജൈവവൈവിധ്യങ്ങളെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം പകര്‍ന്നുനല്‍കിയാണ് സീഡ്ക്ലബ്ബ് പഠനയാത്ര അവസാനിപ്പിച്ചത്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ്, സീഡ് ക്ലബ്ബ് ഭാരവാഹികളായ എം.എച്ച്.ഗിരീഷ്, വികാസ്, സുജിത്ത്, വിഷ്ണുമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.