ചങ്ങനാശ്ശേരി:നാടിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്താന്‍ 'സീഡ്' അംഗങ്ങള്‍ അധികൃതര്‍ക്ക് കത്തയച്ചു. ദേശീയ തപാല്‍വാരാഘോഷത്തിന്റെ ഭാഗമായാണ് ഡോ.സക്കീര്‍ ഹുസൈന്‍ സ്മാരകവിദ്യാവിഹാറിലെ സീഡ്കൂട്ടായ്മ കത്തയയ്ക്കല്‍ യജ്ഞം നടത്തിയത്.
പെരുന്ന-പൂവം റോഡിന്റെയും പെരുമ്പുഴക്കടവ് പാലത്തിന്റെയും ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെടുത്താനാണ് ചങ്ങനാശ്ശേരി നഗരസഭയ്ക്കും പായിപ്പാട് ഗ്രാമപ്പഞ്ചായത്തിനും 50ഓളം പേര്‍ ചേര്‍ന്ന് കത്തുകളയച്ചത്. റോഡ് ഗതാഗതയോഗ്യമല്ലെന്ന് സ്‌കൂളിലെ സീഡ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
റോഡില്‍ ഓട നിര്‍മ്മിച്ച് മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പാലത്തിന്റെ അപ്രോച്ച്‌റോഡ് നന്നാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സീഡ് റിപ്പോര്‍ട്ടര്‍ മനു ജെ.നായരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പരാതിയിലുണ്ട്.സീഡ് പ്രവര്‍ത്തകര്‍ ചങ്ങനാശ്ശേരി ഹെഡ്‌പോസ്റ്റോഫീസിലെത്തിയാണ് കത്തയച്ചത്. തപാലോഫീസില്‍ എത്തിയ സീഡ് അംഗങ്ങളെ പോസ്റ്റ് മിസ്ട്രസ് എം.കെ.രാജമ്മയും ചീഫ് ബിസിനസ് എക്‌സിക്യൂട്ടീവ് ആര്‍.എസ്.രാജേഷ്‌കുമാറും ചേര്‍ന്ന് സ്വീകരിച്ചു. നാടിന്റെ പ്രശ്‌നപരിഹാരത്തിന് ഒരു സ്‌കൂളിലെ കുട്ടികള്‍ തപാലോഫീസ് മുഖേന പ്രയത്‌നം നടത്തുന്ന അനുഭവം തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗികജീവിതത്തില്‍ അദ്യമാണെന്ന് പോസ്റ്റുമിസ്ട്രസ് എം.കെ.രാജമ്മ കുട്ടികളോട് പറഞ്ഞു.
അമല്‍ജിത്ത്, അതുല്‍ജിത്ത്, ജിതിന്‍ ജനാര്‍ദ്ദനന്‍, പി.ജെ.ആദര്‍ശ്, ജഗദ്പ്രിയ, സാന്ദ്രാസുരേഷ്, ഫാത്തിമാസഫര്‍, അഫ്ര മറിയം, അധ്യാപകരായ പി.സി.മത്തായിക്കുട്ടി, അനില്‍കുമാര്‍, സുവുമി പി.കബീര്‍, റസീനാ ബീഗം എന്നിവര്‍ നേതൃത്വം നല്‍കി.