വിദ്യാര്‍ഥികള്‍ ശുചീകരണപ്രവര്‍ത്തനം നടത്തി

Posted By : ktmadmin On 19th November 2013


പെരുന്ന: ഗാന്ധിജയന്തിദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ സീഡ്, പോലീസ് വിഭാഗം പൂവം- പെരുമ്പുഴക്കടവ് റോഡ് ശുചീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികളുമായി സഹകരിച്ചായിരുന്നു ശുചീകരണപ്രവര്‍ത്തനം.
ഇതുവഴി വാഹനഗതാഗതം നടക്കുന്നുവെങ്കിലും പൂവംറോഡിന്റെ സ്ഥിതി വളരെ ശോചനീയമാണ്. ഇരുവശങ്ങളിലും കാടുകയറിയ നിലയിലായ റോഡിന്റെ വശങ്ങളിലെ കാടുകളാണ് കുട്ടികളും തൊഴിലാളികളും ചേര്‍ന്ന് വെട്ടിമാറ്റിയത്. റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയപാലവും അനുബന്ധറോഡും ഉപയോഗിക്കാനാവാത്തവിധം തകര്‍ന്ന നിലയിലാണ്. റോഡിന്റെ ഇരുവശവും കൃഷിഭൂമിയും തോടുമായതിനാല്‍ പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ തകര്‍ന്ന റോഡ്. വിദ്യാര്‍ഥികളായ അഥീന, പാര്‍വ്വതി രാജേന്ദ്രന്‍, വി. എസ്. അനീഷ, അമല്‍ജിത്ത്, അതുല്‍ജിത്ത്, മിഥുന്‍ അനൂപ്, ആര്‍. ആര്‍ച്ച, അഞ്ജിത, മനു ജെ. നായര്‍, അധ്യപകരായ സിന്ധ്യ മെറീന, റസീന ബീഗം, സുറുമി പി. കബീര്‍, അനില്‍കുമാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചങ്ങനാശ്ശേരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് പെരുന്ന വെസ്റ്റ് ഗവ: യു. പി. സ്‌കൂളില്‍ ശുചീകരണദിനം ആഘോഷിച്ചു. ക്വിസ് മത്സരം, ഗാന്ധിജയന്തിയെക്കുറിച്ചുള്ളപുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നിവയുണ്ടായിരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ നഗരസഭാംഗം കൃഷ്ണകുമാരി രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ വി. ആര്‍. ജയകുമാര്‍ പ്രഭാഷണം നടത്തി.
ചങ്ങനാശ്ശേരി:എസ്. ബി. കോളേജ് ഗാന്ധിയന്‍പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ഫാ: ടോമി പടിഞ്ഞാറേവീട്ടില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ: ജോണ്‍ ചാവറ, പ്രൊഫ: ജയിംസ് കെ. ജോണ്‍സണ്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ജിഷ്ണു ചന്ദ്രന്‍, ജസ്റ്റിന്‍ജോസ് എന്നിവര്‍ സംസാരിച്ചു. ഗാന്ധിചിത്രങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള ചലച്ചിത്ര പ്രദര്‍ശനവുമുണ്ടായിരുന്നു.
 

Print this news