അലനല്ലൂര്‍: ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും ജീവിതസായാഹ്നത്തിലും സ്വയംതൊഴില്‍ കണ്ടെത്തി വിധിയോട് പൊരുതുന്ന എഴുപത്തിനാലുകാരന്‍ നാണിപ്പുവേട്ടന് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ തൊഴില്‍സഹായം. എടത്തനാട്ടുകര നാലുകണ്ടം പ്രദേശത്തെ വിദഗ്ധനായ ആശാരി കൊടുങ്ങയില്‍ വീട്ടില്‍ നാണിപ്പുവിന് സഹായവുമായാണ് എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ അധ്യാപകരോടൊപ്പം എത്തിയത്. 60 വര്‍ഷത്തിലേറെയായി പ്രദേശത്ത് ആശാരിപ്പണി നടത്തി ജീവിച്ചിരുന്ന നാണിപ്പുവിന്റെ കാല്‍, 1997-ല്‍ ചികിത്സയുടെ ഭാഗമായാണ് മുറിച്ചുമാറ്റിയത്. ഭാര്യയും മൂന്ന് ആണ്‍മക്കളും നാല് പെണ്‍മക്കളുമുള്ള കുടുംബം ഇതോടെ നിത്യച്ചെലവിന് വഴിയില്ലാതെ പ്രയാസപ്പെട്ടു. എങ്കിലും, വിധിയെ പഴിച്ച് വീടിനുള്ളില്‍ ജീവിതം തളച്ചിടാതെ നാണിപ്പു തന്റെ പരിമിതിയില്‍നിന്നുകൊണ്ട് ചെയ്യാവുന്ന ജോലികളില്‍ വ്യാപൃതനായി. കെട്ടിടനിര്‍മാണത്തിന് സ്ഥാനം കണ്ടെത്തിനിശ്ചയിക്കുന്നതിലും മരപ്പണിയിലും വിദഗ്ധനാണ് നാണിപ്പു. കാലിന്റെ പ്രശ്‌നം കാരണം ജോലി കുറഞ്ഞതോടെ വീട്ടിലിരുന്ന് ചിരട്ടക്കയില്‍ നിര്‍മാണം ആരംഭിച്ചു. അയല്‍വീടുകളില്‍നിന്നും പരിസരങ്ങളില്‍നിന്നും നാണിപ്പുവും ഭാര്യയും ശേഖരിക്കുന്ന ചിരട്ടകള്‍ കയിലാക്കി മാറ്റി അലനല്ലൂരിലും എടത്തനാട്ടുകരയിലുമുള്ള കടകളിലും ചന്തകളിലും വില്പന നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് നാണിപ്പുവിന്റെ കുടുംബം ജീവിച്ചുപോരുന്നത്. നാണിപ്പുവിന്റെ നിശ്ചയദാര്‍ഢ്യവും തൊഴിലിനോടുള്ള അഭിനിവേശവും മനസ്സിലാക്കിയ നാലുകണ്ടം യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍നിന്ന് ശേഖരിച്ച 2000-ത്തിലധികം ചിരട്ടകള്‍ വീട്ടിലെത്തിച്ചുകൊടുക്കുകയായിരുന്നു. സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് പുറമേ, പ്രധാനാധ്യാപിക ടി.ടി. രമാദേവി, പി. അബ്ദുള്‍ വഹാബ്, പി. മുഹമ്മദുണ്ണി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. റസാഖ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.