അലനല്ലൂര്‍: ഒരു അധ്യയനവര്‍ഷം മുഴുവന്‍ വിദ്യാലയത്തില്‍ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയബന്ധിത കലണ്ടര്‍ തയ്യാറാക്കി ചിട്ടയായ വിദ്യാലയദിനങ്ങള്‍ ഒരുക്കുകയാണ് ഭീമനാട് ഗവ. യു.പി. സ്‌കൂള്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന ഈ പ്രവര്‍ത്തനം മധ്യവേനലവധി ദിനങ്ങളിലാണ് രൂപപ്പെടുത്തി ബഹുവര്‍ണ കലണ്ടറായി സ്‌കൂളില്‍ തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍മുതല്‍ മാര്‍ച്ച്‌വരെയുള്ള സ്‌കൂളില്‍ നടക്കുന്ന വ്യത്യസ്തങ്ങളായ ദിനാചരണങ്ങള്‍, അവയുടെ ലഘു കുറിപ്പുകള്‍, പ്രവര്‍ത്തനരീതികള്‍, മഹാത്മാക്കളുടെ ജന്മ-ചരമദിനാചരണവും ഫോട്ടോകളും, സ്‌കൂള്‍ പി.ടി.എ. യോഗങ്ങള്‍, സ്‌കൂള്‍-ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തുടങ്ങിയ സ്‌കൂള്‍ നടത്തിപ്പിലെ പ്രധാന കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഭീമനാട് സ്‌കൂളിന്റെ കലണ്ടര്‍. കലണ്ടറിന്റെ പ്രകാശനം ഹെഡ്മാസ്റ്റര്‍ പി. രാധാകൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ ഫാത്തിമ അന്‍ജൂമിന് കലണ്ടര്‍ കോപ്പി നല്‍കി നിര്‍വഹിച്ചു.