തൊടുപുഴ: 'അയ്യോ വാപ്പ തല്ലല്ലേ', 'ഷെഫീക് നീ ജീവിതത്തിലേക്ക് തിരിച്ചുവരൂ, പ്രാര്‍ത്ഥനയോടെ ഞങ്ങളുണ്ട്.'
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂളില്‍ ഒരുക്കിയ വലിയ കാന്‍വാസില്‍ കുട്ടികള്‍ വരച്ച വിവിധ ചിത്രങ്ങളിലെ അടിക്കുറിപ്പുകളാണിവ. കുമളിയില്‍ രണ്ടാനമ്മയുടെ കൊടുംക്രൂരതയ്ക്കിരയായ ഷെഫീക്കിന് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു അവര്‍.
കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പ്രര്‍ശിപ്പിച്ചു. നിരവധി ബസ് ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ തങ്ങളുടെ പ്രതിഷേധം കുട്ടികളുടെ കാന്‍വാസില്‍ രേഖപ്പെടുത്തി. സ്‌കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ചിന്നമ്മ ഏബ്രഹാം, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ ജോസഫ്, അനീഷ് ജോര്‍ജ്ജ്, സിന്റോ ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഷെഫീക്കിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥന നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് മോനിപ്പള്ളി നേതൃത്വം നല്‍കി.