നിര്‍ധനരോഗികള്‍ക്ക് താങ്ങായി നാലുകണ്ടം യു.പി. സ്‌കൂളില്‍ 'കാരുണ്യനിധി'

Posted By : pkdadmin On 19th November 2013


എടത്തനാട്ടുകര: നാലുകണ്ടം യു.പി. സ്‌കൂളിലെ കുട്ടികള്‍ ചേര്‍ത്തുവെക്കുന്ന കുറേ ചില്ലറത്തുട്ടുകളുണ്ട്. രോഗികളായ സഹപാഠികളുടെയും രക്ഷിതാക്കളുടെയും ചികിത്സാച്ചെലവുകള്‍ക്കുവേണ്ടിയാണ് കുട്ടികള്‍ കൈകോര്‍ക്കുന്നത്. വിദ്യാലയത്തിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കാരുണ്യ സഹായനിധി പദ്ധതിയിലേക്കാണ് തങ്ങള്‍ക്ക് മിഠായിയും കടലയും അച്ചാറും വാങ്ങാന്‍ മുതിര്‍ന്നവര്‍ നല്‍കുന്ന ചില്ലറത്തുട്ടുകള്‍ അഞ്ഞൂറോളം സ്‌കൂള്‍വിദ്യാര്‍ഥികള്‍ നല്‍കുന്നത്. സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, സ്‌കൂളിലെ പത്തിലധികം കുട്ടികള്‍ വ്യത്യസ്ത രോഗങ്ങള്‍ക്കായി വര്‍ഷങ്ങളായി സ്ഥിരം മരുന്ന് കഴിക്കുന്നവരും സാമ്പത്തികപ്രയാസം നേരിടുന്ന കുടുംബങ്ങളില്‍നിന്ന് വരുന്നവരാണെന്നും കണ്ടെത്തിയിരുന്നു. കൂടാതെ, അത്രതന്നെ മറ്റുചില നിര്‍ധനരായ കുട്ടികളുടെ രക്ഷിതാക്കള്‍ മാറാരോഗത്താല്‍ ദീര്‍ഘകാലമായി കഷ്ടപ്പെടുന്നവരുമാണ്. കുട്ടികളുടെ ഈ തിരിച്ചറിവാണ് ഇത്തരം ആളുകളെ സഹായിക്കുന്നതിനുള്ള ഈ പദ്ധതി ആരംഭിക്കുന്നതിന് പ്രേരണ നല്‍കിയത്. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ചില്ലറത്തുട്ടുകള്‍ ശേഖരിക്കുന്നതിനായി സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇരുമ്പില്‍പണിത സഹായനിധി ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താത്പര്യം മനസ്സിലാക്കി സ്‌കൂളിനുസമീപത്തെ ഡിസൈന്‍ വുഡ്‌വര്‍ക്‌സ് ഉടമ കൊടുങ്ങയില്‍ ജയനാണ് സൗജന്യമായി പെട്ടി നിര്‍മിച്ചുനല്‍കിയത്. ഓരോ മാസാവസാനങ്ങളിലും പെട്ടി തുറന്ന് തുക കണക്കാക്കി അര്‍ഹരായ രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ് പരിപാടി. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീഡ് അംഗങ്ങള്‍ക്ക് സഹായനിധി ബോക്‌സ് കൈമാറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.കെ. കുഞ്ഞമ്മു നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി. ഹംസക്കുട്ടി അധ്യക്ഷനായി. അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പത്തംകോട്ട് ഉമ്മര്‍, ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് പാറോക്കോട്ട് ഈസഹാജി, പ്രധാനാധ്യാപിക ടി.ടി. രമാദേവി, ടി.കെ. അബ്ദുല്‍സലാം, സി. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Print this news