ചാരുംമൂട്: പരിസ്ഥിതി ചൂഷണം രൂക്ഷമായ ഈ കാലത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് ആര്‍.രാജേഷ് എം.എല്‍.എ. പറഞ്ഞു. "മാതൃഭൂമി' സീഡ് റവന്യൂ ജില്ലാതല ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ചൂഷണം ചെയ്യാതെ തന്നെ മനുഷ്യ നന്‍മയ്ക്കായി ഉപയോഗപ്പെടുത്തണം. പരിസ്ഥിതിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടം ഭാവിയില്‍ വന്‍ദുരന്തത്തിന് വഴിവയ്ക്കും. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍മാറണം. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന "മാതൃഭൂമി'യുടെ സേവനം അഭിമാനകരവും പ്രശംസാര്‍ഹവുമാണെന്നും എം.എല്‍.എ. പറഞ്ഞു. സ്കൂള്‍ വളപ്പില്‍ എം.എല്‍.എ. വൃക്ഷത്തൈ നട്ടു. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രാധാകൃഷ്ണനുണ്ണിത്താന്‍ അധ്യക്ഷനായി. ആലപ്പുഴ എസ്.ഡി. കോളജ് അസി. പ്രൊഫസര്‍ ഡോ.ജി.നാഗേന്ദ്രപ്രഭു മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ഫോറസ്റ്റ് അസി.കണ്‍സര്‍വേറ്റര്‍ കെ.ജി.രാജന്‍, മാവേലിക്കര എ.ഇ.ഒ. കെ.സുധ, ഫെഡറല്‍ബാങ്ക് എ.ജി.എം.ആന്‍ഡ് റീജിയണല്‍ ഹെഡ് എസ്.രാജന്‍, കൃഷി അസിസ്റ്റന്റ് സിദ്ധിക്ക്, ഗ്രാമപ്പഞ്ചായത്തംഗം ജി.വേണു, സ്കൂള്‍ മാനേജര്‍ കെ.എ.രുക്മിണിയമ്മ, ഹെഡ്മിസ്ട്രസ്സ് എ.കെ.ബബിത, പി.ടി.എ. പ്രസിഡന്റ് എസ്.വൈ.ഷാജഹാന്‍, സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ബീഗം കെ.രഹ്‌ന എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ആലപ്പുഴ ന്യൂസ് എഡിറ്റര്‍ എസ്.പ്രകാശ് സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.എന്‍.ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുമ്പായി ഡോ.ജി.നാഗേന്ദ്രപ്രഭു വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സെടുത്തു. വിദ്യാര്‍ഥികള്‍ക്ക് മാതൃഭൂമിയുടെ വൃക്ഷത്തൈ വിതരണവും ഉണ്ടായിരുന്നു.