ഊര്‍ജസംരക്ഷണത്തിന് 'അഭിനവചൂള'യുമായി മഞ്ഞപ്ര ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

Posted By : pkdadmin On 18th November 2013


മഞ്ഞപ്ര: ഊര്‍ജത്തെ ഒട്ടും പാഴാക്കാതെ പ്രയോജനപ്പെടുത്തി പ്രകൃതിയെയും സമൂഹത്തെയും സംരക്ഷിക്കാനുള്ള ആഹ്വാനവുമായി മഞ്ഞപ്ര പി.കെ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഊര്‍ജസംരക്ഷണത്തിന് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേകതരം അടുപ്പ് നിര്‍മിച്ചിട്ടുണ്ട്. 'അഭിനവചൂള' എന്നാണ് അടുപ്പിന് നല്‍കിയിരിക്കുന്ന പേര്. കൂടുതല്‍സമയം ചൂടുനിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് അടുപ്പ് നിര്‍മിച്ചിരിക്കുന്നത്. ഗ്ലാസ് കഷ്ണങ്ങള്‍, പഴകിയ ആസ്ബസ്‌റ്റോസ് കഷ്ണങ്ങള്‍, ഉപ്പ്, മണല്‍ തുടങ്ങിയ വസ്തുക്കള്‍ പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാണ് 'അഭിനവചൂള'യുടെ നിര്‍മാണം. സാധാരണ വിറകടുപ്പില്‍ 20 കിലോഗ്രാം വിറക് ഉപയോഗിക്കുന്നിടത്ത് 12 കിലോഗ്രാം വിറകേ ഇതിലുപയോഗിക്കേണ്ടൂ എന്നതാണ് പ്രത്യേകത. 150 വീടുകളില്‍ച്ചെന്ന് 50ഓളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഊര്‍ജപ്രതിസന്ധി തരണംചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തെന്ന് കഴിഞ്ഞവര്‍ഷം വിദ്യാര്‍ഥികള്‍ പഠനംനടത്തി. ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളില്‍ ബയോഗ്യാസ് പ്‌ളാന്റും സ്ഥാപിച്ചു. അതിന്റെയെല്ലാം തുടര്‍പ്രവര്‍ത്തനമാണ് അഭിനവചൂളയിലേക്ക് നയിച്ചിരിക്കുന്നത്. വിറകിന്റെ ഉപേയാഗം കുറയ്ക്കുക, മാലിന്യ സംസ്‌കരണത്തോടൊപ്പം ബയോഗ്യാസ് ഉത്പാദിപ്പിച്ച് ഇന്ധനം ലാഭിക്കുക, സൗരോര്‍ജം പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ നിര്‍േദശങ്ങളും ഈ കുരുന്നുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി വീടുകള്‍കയറി ബോധവത്കരണം, സെമിനാര്‍, റാലി, നോട്ടീസ് വിതരണം എന്നിവയും നടത്തിവരുന്നു. മാതൃഭൂമി സീഡ് ക്‌ളബ്ബിെന്റയും സയന്‍സ് ക്‌ളബ്ബിെന്റയും ആഭിമുഖ്യത്തിലാണ് പഠന പ്രവര്‍ത്തനങ്ങള്‍. ക്‌ളബ്ബുകളുടെ കോഓര്‍ഡിനേറ്റര്‍ എ.സി. നിര്‍മ്മലയുടെ മേല്‍നോട്ടത്തില്‍ എ. ഷഹനാസ്, പി.എസ്. അനാമിക, അമൃതഗംഗാധരന്‍, അനഘ. എം., അഭിനന്ദന രാജ് എന്നിവരാണ് പഠനപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. പ്രധാനാധ്യാപകന്‍ കെ. ഉദയകുമാര്‍, അധ്യാപകരായ എ. രമേഷ്, ലാലിമാത്യു, വി.വി. ഷീലാകുമാരി, പി.ജി. ജിബി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രോത്സാഹനവും നിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്.

Print this news