ഒറ്റപ്പാലം: സ്‌കൂളില്‍ വലിച്ചുകെട്ടിയ വലിയ കാന്‍വാസില്‍ വിദ്യാര്‍ഥികള്‍ കോറിയിട്ട ചിത്രങ്ങളില്‍ അവരുടെ മനസ്സുണ്ട്. അന്തരീക്ഷമലിനീകരണം നിയന്ത്രിക്കണമെന്ന സന്ദേശമാണത്. ഓരോ വ്യക്തിക്കും ഇതില്‍ പങ്കാളിത്തമുണ്ടെന്ന് കുട്ടികള്‍ തിരിച്ചറിയുന്നു. ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിലാണ് സീഡ് ക്ലബ്ബംഗങ്ങള്‍ ബോധവത്കരണ പരിപാടിയുമായി രംഗത്തിറങ്ങിയത്. വിദ്യാര്‍ഥികളുടെ സൈക്കിള്‍റാലിയും നടന്നു. സ്‌കൂളില്‍ സൈക്കിള്‍ ക്ലബ്ബ് രൂപവത്കരിക്കാനും പരിപാടിയുണ്ട്. ഇതിനുപുറമെ അപകടമൊഴിവാക്കാന്‍ ഗതാഗതനിയമങ്ങള്‍ പ്രചരിപ്പിക്കാനും കുട്ടികള്‍ മുന്നില്‍ത്തന്നെയുണ്ട്. ഇതിന്റെഭാഗമായി ഗതാഗതനിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മധുരംനല്‍കി. വിദ്യാര്‍ഥികള്‍ അമ്പലപ്പാറയില്‍ ബോധവത്കരണവും നടത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പും ലഘുലേഖയും നല്‍കി. ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളും പരിപാടിയില്‍ പങ്കുചേര്‍ന്നു. ആലത്തൂര്‍ ജോ. ആര്‍.ടി.ഒ. കെ.സി. മാണി കുട്ടികള്‍ക്കൊപ്പം പങ്കുചേരുകയും ബോധവത്കരണക്ലാെസടുക്കുകയും ചെയ്തു. പ്രധാനാധ്യാപിക കെ. ഇന്ദിര, സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, ടി. പ്രകാശ്, ബി. അനശ്വര, കെ. സുനീഷ്‌കുമാര്‍, ഡി. ഗോപീകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.