ഒറ്റപ്പാലം: പ്രകൃതിയുടെ സ്പന്ദനങ്ങള്‍ ഋതുഭേദങ്ങള്‍ക്കൊപ്പം തൊട്ടറിയുകയാണ് കുട്ടികള്‍. കാലഭേദത്തിനനുസരിച്ച് മരങ്ങളിലെ മാറ്റങ്ങള്‍ പഠിക്കാനായി നടത്തിയ സീസണ്‍ വാച്ച് പരിശീലനം കുട്ടികള്‍ക്ക് വ്യത്യസ്തമായ ഹരിതപാഠമായി. ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബാണ് സ്‌കൂളിലെ പരിപാടി സംഘടിപ്പിച്ചത്. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ കാട്ടുകുളം എ.കെ.എന്‍.എം.എ.എം. ഹയര്‍സെക്കന്‍ഡറി, കടമ്പൂര്‍ ജി.എച്ച്.എസ്.എസ്., ഒറ്റപ്പാലം എല്‍.എസ്.എന്‍. ജി.എച്ച്.എസ്.എസ്., പാലക്കോട് എ.യു.പി., ഒറ്റപ്പാലം ബി.ഇ.എം. യു.പി., കാറല്‍മണ്ണ എന്‍.എന്‍.എന്‍.എം. യു.പി. എന്നിവിടങ്ങളിലെ 36 പ്രതിനിധികളും അധ്യാപകരും വൃക്ഷനിരീക്ഷണപാഠങ്ങള്‍ ഹൃദിസ്ഥമാക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശപ്രചാരണാര്‍ഥം എല്ലാവര്‍ക്കും തുണിസഞ്ചികള്‍ സീഡ് ക്ലബ്ബ് വിതരണം ചെയ്തു. ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകളും കുട്ടികള്‍ നിര്‍മിച്ച സോപ്പും നല്‍കി. സീസണ്‍ വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹ്മമ്മദ് നിസാര്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍ അധ്യക്ഷനായി. ജസ്റ്റിസ് ജോസഫ് പദ്ധതിവിശദീകരണം നടത്തി. കെ.എ. സീതാലക്ഷ്മി, കെ. പ്രമോദ്, ബി. അനശ്വര എന്നിവര്‍ പ്രസംഗിച്ചു. പി. രജിത, കെ.വി. ജയശ്രീ, സിസ്റ്റര്‍ സെറീന, കെ. സുലേഖ, കെ. ശ്രീരശ്മി, കെ. ശ്രീകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.