കാവ്യ പണം സ്വരുക്കൂട്ടി; ശ്രീജിത്തിന് ഇനി അഞ്ച് കിലോമീറ്റര്‍ നടക്കേണ്ട

Posted By : pkdadmin On 18th November 2013


ചിറ്റൂര്‍: ചിറ്റൂര്‍ വിജയമാത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ.എസ്. ശ്രീജിത്തിന് ഇനി സ്‌കൂളിലെത്താന്‍ അഞ്ച് കിലോമീറ്ററിലധികം നടക്കേണ്ട. തന്റെ പുത്തന്‍ സൈക്കളില്‍ വരാം. ശ്രീജിത്തിന് സൈക്കിള്‍ കിട്ടിയതാവട്ടെ സ്‌കൂളിലെ വിദ്യാര്‍ഥിനിയും മാതൃഭൂമി സീഡ് റിപ്പോര്‍ട്ടറുമായ കാവ്യ എസ്. നായരുടെ കുഞ്ഞുഹൃദയം സ്വരുക്കൂട്ടിയ നന്മയിലൂടെ. ശ്രീജിത്തിന്റെ കോളനിയില്‍ ഓണക്കിറ്റ് വിതരണത്തിനെത്തിയതോടെയാണ് കാവ്യയ്ക്ക് ശ്രീജിത്ത് സ്‌കൂളിലെത്താന്‍ നടക്കുന്ന ദൂരം മനസ്സിലായത്. അന്ന് തോന്നിയ ആഗ്രഹമായിരുന്നു ശ്രീജിത്തിന് ഒരു സൈക്കിള്‍ എന്നത്. മാതാപിതാക്കളും ബന്ധുക്കളും നല്‍കിയ 'പോക്കറ്റ് മണി' സ്വരുക്കൂട്ടിയപ്പോള്‍ രൂപ നാലായിരമായി. അതോടെ ഈ ശിശുദിനത്തില്‍ ശ്രീജിത്തിന് സൈക്കിള്‍ സ്വന്തവും. സ്‌കൂളില്‍ നടന്ന സൈക്കിള്‍ കൈമാറ്റച്ചടങ്ങില്‍ എ.ഇ.ഒ. സുഗത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനിപോള്‍, സിസ്റ്റര്‍ ആല്‍ഫിന്‍ജോസ്, പി.ടി.എ, പ്രസിഡന്റ് വിജയന്‍, വൈസ് പ്രസിഡന്റ് മുരളീധരന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ കൃഷ്ണ എസ്. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Print this news