പൊയിനാച്ചി: വലിച്ചെറിയുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു പുനരുപയോഗത്തിന് അയക്കാനുള്ള ശ്രമത്തിലാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍.
വീട്ടുവളപ്പിലെ പ്ലാസ്റ്റിക് കുപ്പികള്‍ എത്തിച്ചായിരുന്നു ഇവരുടെ തുടക്കം. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ ശേഖരിച്ചുകൊണ്ടുവന്നത് ഒമ്പതുചാക്ക് കുപ്പികള്‍. ടൗണിലും സ്‌കൂള്‍വളപ്പിലും വലിച്ചെറിഞ്ഞ കുപ്പികള്‍ വരെ ഒടുവില്‍ പ്രവര്‍ത്തകര്‍ പെറുക്കിക്കൂട്ടി. കുപ്പിവെള്ളത്തിന്റെയും ശീതളപാനീയത്തിന്റെയും ആണ് മാലിന്യമെല്ലാം.പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന സാമൂഹിക വിപത്തിനെതിരെ ഒരുസന്ദേശം എന്ന നിലയിലാണ് വിദ്യാര്‍ഥികളുടെ ഈ സേവനം. പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് അധികൃതര്‍ സ്‌കൂളിലെത്തി പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുപോകുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.രതീഷ്‌കുമാറിന്റെ കീഴില്‍ പ്രസീത, തൃപ്തി, ഹരികൃഷ്ണ, നഖില്‍, നാരായണന്‍, സന്ധ്യ, സുബിന്‍, എം.അരുണിമ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.