കൊട്ടാരക്കര: സോഷ്യല്‍ മീഡിയകള്‍ വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തുന്ന കാലത്ത് അവയോട് തത്കാലത്തേക്ക് വിട പറയുകയാണ് കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍.
പരീക്ഷ കഴിയുംവരെ ഇത്തരം സൈറ്റുകളില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പിക്കുകയും ഈ സന്ദേശം മറ്റ് വിദ്യാര്‍ഥികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുകയാണിവര്‍. സ്‌കൂളിലെ രണ്ടാംവര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി സിദ്ധിഖാണ് ഈ ആശയവുമായി സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിജേഷ് പെരുങ്കുളത്തെ സമീപിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയോടെ മറ്റ് കുട്ടികളിലേക്കും ആശയം വ്യാപിപ്പിച്ചു. ഇതിനകം നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ പ്രൊഫൈലുകള്‍ നിര്‍ജ്ജീവമാക്കിക്കഴിഞ്ഞു. മറ്റുള്ളവരും ഇങ്ങനെ ചെയ്യുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.
മറ്റ് സ്‌കൂളുകളിലെ കുട്ടികളിലേക്കും ഈ ആശയം വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് സീഡ് ക്ലബ് അംഗങ്ങള്‍ അറിയിച്ചു. രക്ഷാകര്‍ത്താക്കളെയും ബോധവത്കരിക്കും.
സോഷ്യല്‍ മീഡിയകളില്‍ മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നത് പഠനത്തെ ബാധിച്ചിരുന്നതായാണ് കുട്ടികളുടെ അഭിപ്രായം. അതിനാല്‍ പരീക്ഷ കഴിയുംവരെ സോഷ്യല്‍ മീഡിയകളോട് ബൈ..ബൈ.. പറഞ്ഞിരിക്കുകയാണ് ഇവര്‍.
സോഷ്യല്‍ മീഡിയയിലെ അംഗത്വം ആദ്യമായി റദ്ദാക്കുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമേകുകയും ചെയ്ത സിദ്ധിഖിന് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ താമരക്കുടി കരുണാകരന്‍ ഉപഹാരം നല്‍കി.