താമരക്കുടി: കാവുകളുടെ സംരക്ഷണം യജ്ഞമായി ഏറ്റെടുത്ത താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് ഒരു ചുവടുകൂടി മുന്നോട്ട്. ചുറ്റുമതിലില്ലാതെ കിടന്ന താമരക്കുടി ചാവരുകാവിന് കല്ലുകൈയാല നിര്‍മിച്ചാണ് വിദ്യാര്‍ഥികള്‍ മാതൃകയായത്.
ഗ്രാമത്തിലെ പതിനഞ്ചോളം കാവുകളുടെ സംരക്ഷണത്തിനായാണ് സീഡും നാഷണല്‍ സര്‍വീസ് സ്‌കീമും പ്രയത്‌നിക്കുന്നത്. താമരക്കുടി ക്ഷേത്രത്തിന്റെ വകയായ കാവില്‍ നിരവധി ഫലവൃക്ഷങ്ങള്‍ നടുകയും ഇതിനുചുറ്റും മണ്‍കൈയാല നിര്‍മിക്കുകയും ചെയ്തു. ജൈവസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു.
ഉപയോഗശൂന്യമായിക്കിടന്ന പാറക്കല്ലുകള്‍ സംഘടിപ്പിച്ച് രണ്ടുദിവസത്തെ പ്രയത്‌നത്തിലൂടെയാണ് കൈയാല നിര്‍മിച്ചത്. പ്രിന്‍സിപ്പല്‍ അശോക്കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദീപ ഗോപിനാഥ്, സീഡ് റിപ്പോര്‍ട്ടര്‍ ശ്രീലക്ഷ്മി, വിഷ്ണുവിജയന്‍, അമല്‍ മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.