വിളവെടുപ്പിനൊരുങ്ങി നാലുകണ്ടം യു.പി.യിലെ കാര്‍ഷികവിളകള്‍

Posted By : pkdadmin On 16th November 2013


അലനല്ലൂര്‍: കാര്‍ഷികാനുഭവങ്ങള്‍തേടിയുള്ള നാലുകണ്ടം യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരിശ്രമങ്ങള്‍ക്ക് നൂറുമേനിയുടെ വിളവെടുപ്പ്. 'മാതൃഭൂമി' സീഡ് ക്‌ളബ്ബും സ്‌കൂള്‍ കാര്‍ഷികക്‌ളബ്ബും സംയുക്തമായി ഈ അധ്യയന വര്‍ഷത്തില്‍ വിദ്യാലയമുറ്റത്തെ ഒരേക്കറിലധികംവരുന്ന കൃഷിയിടത്തില്‍ വിളയിച്ച കാര്‍ഷികവിളകള്‍ വിളവെടുപ്പിനൊരുങ്ങി. ഈവര്‍ഷാരംഭത്തില്‍ത്തന്നെ പ്രദേശത്ത്മാത്രം വിളയിച്ചിരുന്ന കര്‍ഷകര്‍പോലും പല പ്രയാസങ്ങള്‍കാരണം ഉപേക്ഷിച്ച കരനെല്ലുവിത്ത് തേടിപ്പിടിച്ച് വിളവിറക്കിയായിരുന്നു തുടക്കം. 50 സെന്റിലധികം സ്ഥലത്താണ് വിദ്യാര്‍ഥികളും അധ്യാപകരുംചേര്‍ന്ന് കൃഷിയിറക്കിയത്. പ്രദേശത്തെ കര്‍ഷകനായ പറമ്പാട്ട് ഗോപാലകൃഷ്ണനാണ് മൂന്നുമാസംകൊണ്ട് വിളെവടുക്കാവുന്ന കരനെല്ലുവിത്ത് സൗജന്യമായി നല്‍കിയത്. കുട്ടികള്‍ക്ക് നെല്‍ക്കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്ത് കര്‍ഷകന്‍ നെല്ലൂര്‍പള്ളി നാടിയും കുട്ടികളുടെ കൃഷിതാത്പര്യത്തിന് പ്രോത്സാഹനംനല്‍കി ഒപ്പംനിന്നു. നിലമൊരുക്കാനും കളപറിക്കാനും പ്രദേശത്തെ പൂര്‍വവിദ്യാര്‍ഥികളുടെ സംഘമായ നാലുകണ്ടം മാസ്‌ക് ക്‌ളബ്ബ് പ്രവര്‍ത്തകരും എത്തിയതോടെ നാലുകണ്ടം യു.പി. സ്‌കൂളിലെ കൃഷിയിടം സജീവമായി. 100 വാഴ, കപ്പ, വഴുതിന, ചേമ്പ്, ചേന, മഞ്ഞള്‍, മത്തന്‍, കുമ്പളം, വെള്ളരി, െചാരങ്ങ, കൈയ്പ, പടവലം, വെണ്ട തുടങ്ങിയ എല്ലാ വിളകളും ഇവിടെ സമൃദ്ധിയായി വളരുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണപരിപാടിയിലേക്കാണ് ഇവിടെ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കൃഷിവകുപ്പിന്റെ ജില്ലയിലെ ഏറ്റവുംമികച്ച രണ്ടാമത്തെ സ്‌കൂളായി തിരഞ്ഞെടുത്തത് ഈ സ്‌കൂളിനെയായിരുന്നു. കൃഷിവകുപ്പിന്റെ ഒരു ലക്ഷംരൂപയുടെ സാമ്പത്തികസഹായവും നാലുകണ്ടം യു.പി.യുടെ കൃഷിക്ക് ലഭിച്ചു. വിളവെടുപ്പ് ആഘോഷമായി നടത്താനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ പി.ടി.എ.യും നാട്ടുകാരും.

Print this news