കായംകുളം: മണ്ണ് സംരക്ഷണത്തിനും ജലശുദ്ധീകരണത്തിനുമുള്ള പ്രകൃതിയുടെ വരദാനമായ കണ്ടലിനെ കണ്ടറിയാന്‍ കുട്ടികള്‍ പ്രകൃതിയുടെ പാഠശാലയിലെത്തി.
കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് 40 കുട്ടികളും അധ്യാപകരും കായംകുളം കായല്‍ തീരത്തേക്ക് പഠനയാത്ര നടത്തിയത്.
കായലും കടലുമില്ലാത്ത ആ നാട്ടില്‍നിന്നുള്ള കുട്ടികളുടെ സംഘം ആയിരംതെങ്ങിലെ സര്‍ക്കാര്‍ ഫിഷ് ഫാമിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടാണ് ആദ്യം പഠനകേന്ദ്രമാക്കിയത്.
സുനാമി തിരകളെപ്പോലും പ്രതിരോധിച്ച് ഫിഷ് ഫാമിനെയും സമീപ പ്രദേശങ്ങളെയും സംരക്ഷിക്കാന്‍ കഴിഞ്ഞ കണ്ടല്‍ച്ചെടികളുടെ പ്രത്യേകതയും ആഴത്തിലേക്ക് വേരുകളിറക്കി മണ്ണൊലിപ്പ് തടയുന്നതും കുട്ടികള്‍ കണ്ടുമനസ്സിലാക്കി. കണ്ടല്‍ക്കാടുകള്‍ക്കിടയിലെ മത്സ്യസമ്പത്തും കുട്ടികള്‍ക്ക് പുതിയ കാഴ്ചയായി.
അറേബ്യന്‍ കടലും കായംകുളം കായലും സന്ധിക്കുന്ന കായംകുളം പൊഴിയിലെത്തി ആഴിയുടെ സൗന്ദര്യവും കണ്ടു.
തുടര്‍ന്ന് ദേവികുളങ്ങര പഞ്ചായത്തിലെ വൈവിധ്യമാര്‍ന്ന കണ്ടലുകളുടെ പ്രദര്‍ശനകേന്ദ്രമായ മാംഗ്രോവ്‌ഐയിലും സംഘമെത്തി.
വിവിധതരം കണ്ടലുകളെപ്പറ്റിയും ഓരോ ഇനത്തിന്റെയും പ്രത്യേകതകളും മാംഗ്രോവ് ഐ ഡയറക്ടര്‍ അനില്‍കുമാര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വിശദീകരിച്ചു.
തരിശുകിടന്ന മൂന്നേക്കറോളം പാടശേഖരം കണ്ടല്‍ സംരക്ഷണത്തിലൂടെ മത്സ്യ വളര്‍ത്തുകേന്ദ്രവും പഞ്ചാരമണല്‍ തിട്ടയുമായി രൂപപ്പെട്ടത് കുട്ടികളില്‍ പുതിയ പരിസ്ഥിതിബോധം വളര്‍ത്തി. ഇവിടത്തെ സസ്യവൈവിധ്യവും ദേശാടന പറവകളുടെ സങ്കേതവും കുട്ടികളെ ആകര്‍ഷിച്ചു.
വീട്ടുവളപ്പില്‍ അപൂര്‍വയിനം ചെടികളും വൃക്ഷങ്ങളും നട്ടുവളര്‍ത്തി ശ്രദ്ധേയരായ പുല്ലുകുളങ്ങരയിലെ ജി. ദേവകി അമ്മയുടെയും മകള്‍ പ്രൊഫ. ഡി. തങ്കമണിയുടെയും വീട്ടിലെ കാടിന്റെ തണലിലാണ് പഠനസംഘം പിന്നീടെത്തിയത്. വൃക്ഷങ്ങളെയും സസ്യങ്ങളെയും സ്‌നേഹിക്കുന്നതിനെക്കുറിച്ചും പരിസ്ഥിതിയുടെ കാവലാളായി മാറേണ്ടുന്നതിനെക്കുറിച്ചും പ്രൊഫ. തങ്കമണി കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. കാടും കടലും കണ്ട് പുതിയ പരിസ്ഥിതി അവബോധവുമായാണ് സീഡ് ക്ലബ് അംഗങ്ങള്‍ മടങ്ങിയത്.
പി.ടി.എ. പ്രസിഡന്റ് ശിവന്‍കുട്ടി നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ് ബാബു, അധ്യാപകരായ ഗോപാലകൃഷ്ണപ്പണിക്കര്‍, ജയ ജി. പണിക്കര്‍, ഡോ. ജയശ്രീ, സീഡിന്റെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഗ്രീനറിയുടെ സെക്രട്ടറി ശ്യാംകൃഷ്ണന്‍, താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ റാഫി രാമനാഥ് എന്നിവരാണ് പഠനയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. സംഘത്തിന് മാര്‍ഗനിര്‍ദേശവുമായി മാതൃഭൂമി ആലപ്പുഴ യൂണിറ്റ് പരസ്യം മാനേജര്‍ ഡി. ഹരിയും പഠനയാത്രയില്‍ പങ്കെടുത്തു.
കഴിഞ്ഞ ജൂലായില്‍ ആലപ്പുഴയില്‍നിന്ന് 300 കണ്ടല്‍ത്തൈകള്‍ വാങ്ങിക്കൊണ്ടുപോയി സീഡ് ക്ലബ് അംഗങ്ങള്‍ പമ്പയുടെ കൈവഴിയായ കോഴിത്തോടിന്റെ കരയിലും സ്കൂളിനടുത്തുള്ള രണ്ട് കുളങ്ങളുടെ തീരത്തും നട്ടുവളര്‍ത്തിയിട്ടുണ്ട്.
ഇതാണ് കണ്ടലിനെക്കുറിച്ച് കൂടുതലറിയാന്‍ പ്രചോദനമായത്. 2011-12-ലെ സീഡിന്റെ വിശിഷ്ട ഹരിത വിദ്യാലയത്തിനുള്ള ബഹുമതിയും ഈ സ്കൂളിനായിരുന്നു.