മാളൂട്ടി ഇനി കുട്ടികള്‍ക്ക് സ്വന്തം
കലവൂര്‍: ഷേണായിയുടെ സുന്ദരിക്കിടാവ് ഇനി സ്കൂള്‍ക്കുട്ടികളുടെ "മാളൂട്ടി'. മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വളര്‍ത്തുന്നതിനായി പ്രദേശത്തെ ക്ഷീരകര്‍ഷകന്‍ പ്രകാശ് കെ. ഷേണായ് തന്റെ 12 മാസമായ പശുക്കിടാവിനെ സൗജന്യമായി നല്‍കി. സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ് അംഗങ്ങളാണ് കിടാവിനെ എറ്റുവാങ്ങിയത്. ഇവര്‍ക്കൊപ്പം നേച്ചര്‍ ക്ലബ്ബ് അംഗങ്ങളും പശു പരിപാലനത്തിന് സഹകരിക്കുന്നുണ്ട്.
അങ്ങനെ നെല്‍ക്കൃഷിക്ക് പിന്നാലെ പശുവളര്‍ത്തലിന് സീഡ് അംഗങ്ങള്‍ മുന്നിട്ടിറങ്ങിയത് മറ്റുകുട്ടികള്‍ക്കും ആവേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11ന് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ. തോമസ് ഐസക് എം.എല്‍.എ. ഷേണായിയില്‍നിന്ന് പശുക്കിടാവിനെ ഏറ്റുവാങ്ങി കുട്ടികള്‍ക്കു നല്‍കി. അദ്ദേഹംതന്നെ കുട്ടികളുടെ ഇഷ്ടപ്രകാരം "മാളൂട്ടി' എന്ന് പേര് നല്‍കിയപ്പോള്‍ കരഘോഷത്തോടെ അതിനെ സ്വീകരിച്ചു. സീഡ്, നേച്ചര്‍ ക്ലബ്ബുകളിലെ കുട്ടികള്‍ മാറിമായി പശുക്കിടാവിനെ പരിപാലിക്കും. സ്കൂള്‍ സമയത്തിനുശേഷം കുട്ടികള്‍ കിടാവിനെ പരിപാലിക്കാന്‍ വീട്ടില്‍ക്കൊണ്ടുപോകും. പ്രവൃത്തിസമയങ്ങളില്‍ മൂന്ന് കുട്ടികള്‍ വീതമുള്ള ഗ്രൂപ്പുകളുണ്ട്. ഇവര്‍ ക്ലാസ് സമയത്തെ ഇടവേളകളില്‍ വെള്ളവും ആഹാരവും നല്‍കും. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വേണു പി.ജി.യാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുട്ടികളില്‍ മൃഗസ്‌നേഹം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പരിപാടി ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം പശുവളര്‍ത്തലും നടത്തുന്ന ജില്ലയിലെ എക സ്കൂളാണിത്.
പഠിച്ചുവളര്‍ന്ന സ്കൂളിനോടുള്ള അടുപ്പംകൊണ്ടാണ് പതിനായിരത്തോളം രൂപവരെ വിലയുള്ള കിടാവിനെ ഷേണായ് സൗജന്യമായി നല്‍കിയത്. കുട്ടികളില്‍ മൃഗസ്‌നേഹവും സ്വയംപര്യാപ്തത കൈവരിക്കലും ഇതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നു.
മണ്ണഞ്ചേരി പെരുന്തുരുത്ത് കരിപ്പാടശേഖരത്തിലെ ഒരേക്കര്‍ നിലത്ത് സീഡ്ക്ലബ് അംഗങ്ങള്‍ കൃഷിയിറക്കുന്നുണ്ട്. കുട്ടികള്‍തന്നെയാണ് വിത്തുവിതയ്ക്കുന്നതും പരിപാലിക്കുന്നതും. പശുവളര്‍ത്തലുംകൂടി ഏറ്റെടുത്തതോടെ സീഡ് അംഗങ്ങള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കും മാതൃകയായിരിക്കുകയാണ്.