കാസര്‍കോട്: കുടിവെള്ളത്തിനായി കേരളീയര്‍ തമ്മില്‍ തര്‍ക്കിക്കുന്ന കാലം വരുമെന്ന ഓര്‍മപ്പെടുത്തലുമായി നീരറിവ്. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ്-ജലശ്രീ ക്ലബുകളുടെ നേതൃത്വത്തിലാണ് ജലയുദ്ധത്തിന്റെ മുന്നറിയിപ്പുമായി മൊഗ്രാല്‍ പുഴയോരത്ത് ബോധവത്കരണപരിപാടി സംഘടിപ്പിച്ചത്.
ഭൂഗോളത്തിലെ വെള്ളത്തില്‍ മൂന്നുശതമാനം മാത്രമെ ശുദ്ധജലമുള്ളൂ. വര്‍ഷംകഴിയുന്തോറും ജലഉപഭോഗം കൂടുമ്പോള്‍ നാട് വറ്റിവരളുകയാണ്. മരങ്ങളും കുന്നുകളും ഇല്ലാതാക്കി വെള്ളത്തെ മണ്ണിലിറങ്ങാന്‍ അനുവദിക്കാതെ മനുഷ്യര്‍ ജലസ്രോതസ്സുകളെയാകെ മാലിന്യപൂരിതമാക്കുകയാണ്. മൊഗ്രാല്‍ പുഴയില്‍ പാലത്തിനരികില്‍ ടണ്‍കണക്കിന് മാലിന്യമാണ് തള്ളുന്നത്. ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാകുന്നില്ല- കുട്ടികളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി. കുട്ടികള്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. പരിസ്ഥിതിപ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം ക്ലാസെടുത്തു. എം.സുരേന്ദ്രന്‍, പി.വേണുഗോപാലന്‍, സി.ശ്രീജ എന്നിവര്‍ സംസാരിച്ചു.