പൊതാവൂര്‍: മനുഷ്യനിര്‍മിതമായ ദുരന്തത്തിന്റെ ഇരകളാണ് കാസര്‍കോട് ജില്ലക്കാരെന്നും താത്കാലികാവശ്യത്തിനും വ്യക്തിപരമായ നേട്ടത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ സമൂഹത്തിന് ദുരന്തമായിമാറുകയാണെന്നും പി.കരുണാകരന്‍ എം.പി. പറഞ്ഞു.
പൊതാവൂര്‍ എ.യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് ജില്ലാതല അവാര്‍ഡുകള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25വര്‍ഷംമുമ്പ് കശുമാവിന്‍തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ എല്ലാവരും സന്തോഷിച്ചു. കൂടുതല്‍ കശുവണ്ടി കിട്ടിയപ്പോള്‍ കുടുംബങ്ങളില്‍ വരുമാനം കൂടി. അതുവരെ കണ്ട പാമ്പുകളെയും മൃഗങ്ങളെയും കാണാതായി. പിന്നീട് പറമ്പുകളിലേക്കും കിണറുകളിലേക്കും കീടനാശിനി ദുരന്തരൂപത്തില്‍ എത്തി. മനുഷ്യന്‍ നിര്‍മിച്ച ഭീകരമായ ദുരന്തത്തിന് പ്രായശ്ചിത്തമാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് എം.പി. പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് സമാനമായിരിക്കും കടലാടിപ്പാറയില്‍ സംഭവിക്കുക. കടല്‍ കാണുന്ന പാറയാണ് കടലാടിപ്പാറ. ഇവിടെനിന്ന് ബോക്‌സൈറ്റ് ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതികൊടുത്തുകഴിഞ്ഞു. ഏതാനും പേര്‍ക്ക് ജോലിലഭിക്കുമെന്നാണ് വാഗ്ദാനം. ഈ വാഗ്ദാനത്തിനു മറവില്‍ വലിയൊരു ദുരന്തം ഒളിഞ്ഞുകിടപ്പുണ്ട്. 200 ഏക്കര്‍ സ്ഥലം 12 അടി കുഴിച്ചെടുക്കുമ്പോള്‍ പ്രതിദിനം 30,000ലിറ്റര്‍ വെള്ളം ആവശ്യമാണ്. പൊതുവെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മേഖലയില്‍ ഇത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. ഭീകരമായ മാലിന്യപ്രശ്‌നത്തിന് കാരണമാകും- കരുണാകരന്‍ പറഞ്ഞു.
സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്നും വൃക്ഷത്തൈകള്‍ നടുന്നതോടൊപ്പം സംരക്ഷിക്കുകയുംചെയ്യുന്നത് പ്രശംസനീയമാണെന്നും എം.പി. പറഞ്ഞു. ചടങ്ങില്‍ ചെറിയാക്കര വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സി.എഫ്.എല്‍. വിതരണം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. മണ്ണിനെയും കാടിനെയും ജലത്തെയും ഈ നാടിനെയും സംരക്ഷിക്കാന്‍ മാതൃഭുമി സീഡ് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. സീഡിന്റെ കഴിഞ്ഞകാലപ്രവര്‍ത്തനവും ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ പ്ലാസ്റ്റിക്മാലിന്യ നിര്‍മാര്‍ജനത്തിലുണ്ടായ മുന്നേറ്റവും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു വിശദീകരിച്ചു. നാളെ വരാന്‍പോകുന്ന ദുരന്തം ഇന്നേ കണ്ടറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമമാണ് മാതൃഭൂമി സീഡ് വിദ്യാലയങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് കരിമ്പില്‍ കൃഷ്ണന്‍ പറഞ്ഞു.
മാതൃഭൂമി സീഡിന് ലഭിക്കുന്ന സ്വീകാര്യതയും, അംഗീകാരവുമാണ് മറ്റു മാധ്യമങ്ങളെ മറ്റു പലപേരുകളില്‍ വിദ്യാലയങ്ങളിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചതെന്ന് തുടര്‍ന്ന് സംസാരിച്ച കെ.സുധാകരന്‍ സൂചിപ്പിച്ചു. ഗ്രാമപ്പഞ്ചായംഗം എം.പി.രാധ, ഫെഡറല്‍ ബാങ്ക് റീജണല്‍ ഓഫീസ് കണ്ണൂരിലെ ക്രഡിറ്റ് ഹെഡ് പി.എ.രാമചന്ദ്രന്‍, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബിപിന്‍ശങ്കര്‍, ചെറുവത്തൂര്‍ എ.ഇ.ഒ. കെ.പി.പ്രകാശന്‍, സ്‌കൂള്‍ മാനേജര്‍ ടി.പ്രജിന, ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബ് പ്രതിനിധി വി.സുധീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ചീമേനി യൂണിറ്റ് പ്രസിഡന്റ് പി.കെ.അബ്ദുള്‍ഖാദര്‍, കുടുംബശ്രീ എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.വി.പദ്മിനി, പി.ടി.എ. പ്രസിഡന്റ് കെ.രാഘവന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീബ പ്രദീപ്, സ്റ്റാഫ് സെക്രട്ടറി വി.വി.മനോജ്കുമാര്‍ എന്നിവരും സംസാരിച്ചു.
ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കരത്തിന് അര്‍ഹരായ പൊതാവൂര്‍. എ.യു.പി.സ്‌കൂള്‍, ജെം ഓഫ് സീഡ് പുരസ്‌കാരംനേടിയ ആയിഷത്ത് സഫ്‌റീന, ടി.കൃഷ്ണജ, മികച്ച കോ ഓര്‍ഡിനേറ്റര്‍മാരായ പി.വേണുഗോപാലന്‍, മിനി സെബാസ്റ്റ്യന്‍, ഹരിതവിദ്യാലയങ്ങളായ എ.യു.പി.സ്‌കൂള്‍ പൊതാവൂര്‍, സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പാലാവയല്‍, സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്. പിലിക്കോട്(കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല), ജി.എച്ച്.എസ്.എസ്.മൊഗ്രാല്‍പുത്തൂര്‍, ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്.തെക്കില്‍, അപ്‌സര പബ്ലിക് സ്‌കൂള്‍ കാസര്‍കോട്(കാസര്‍കോട് വിദ്യാഭ്യാസ ജില്ല), പ്രോത്സാഹന സമ്മാനര്‍ഹരായ ജി.എച്ച്.എസ്.എസ്.ചെമ്മനാട്, കേന്ദ്രീയവിദ്യാലയ സി.പി.സി.ആര്‍.ഐ, ജി.എച്ച്.എസ്.എസ്. കാസര്‍കോട്(കാസര്‍കോട് വിദ്യാഭ്യസ ജില്ല), ജി.യു.പി.സ്‌കൂള്‍ കൂട്ടക്കനി, ഗ്രീന്‍വുഡ്ഡ്‌സ് പബ്ലിക്ക് സ്‌കൂള്‍ ബേക്കല്‍, രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം, ജി.എച്ച്.എസ്.എസ്.ചീമേനി, ജി.എഫ്.എച്ച്.എസ്. ചെറുവത്തൂര്‍(കാഞ്ഞങ്ങാട് വിദ്യാഭ്യസ ജില്ല) എന്നീ വിദ്യാലയങ്ങള്‍ക്കുവേണ്ടി പി.കരുണാകരന്‍ എം.പി.യില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ഏറ്റുകുടുക്ക എ.യു.പി.സ്‌കൂള്‍ സീഡ് യൂണിറ്റ് പരിസ്ഥിതി കോല്‍ക്കളിയും, ഇടയിലെക്കാട് എ.കെ.ജി.സ്മാരക കലാസമിതി കരോക്കെ ഗാനമേളയും അവതരിപ്പിച്ചു.
കുടുംബശ്രീ പ്രവര്‍ത്തക ടി.കെ.രമാദേവി നാടന്‍പാട്ട് അവതരിപ്പിച്ചു. സംഘാടസമിതി ചെയര്‍മാന്‍ പി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കണ്‍വീനര്‍ കെ.എം.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.