ശ്രീകണ്ഠപുരം: നെടുങ്ങോം ഗ്രാമത്തെ വിഷവിമുക്ത പച്ചക്കറിഗ്രാമമാക്കാനുള്ള മാതൃഭൂമി സീഡ് പദ്ധതിക്ക് ആവേശകരമായ തുടക്കം. നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ് ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും ശ്രീകണ്ഠപുരം കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന മാതൃകാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ നാട്ടുകാരും കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേരെത്തി. 450 വീടുകളിലാണ് പച്ചക്കറികൃഷി രാസവളവും കീടനാശിനിയുമില്ലാതെ കൃഷിചെയ്യുന്നത്.
ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിജുമോന്‍ ഉദ്ഘാടനം ചെയ്തു.
വിത്തുവിതരണത്തിന്റെ ഉദ്ഘാടനം മാതൃഭൂമി ശ്രീകണ്ഠപുരം ലേഖകന്‍ ടി.പി.രാജീവന്‍ നിര്‍വഹിച്ചു. മുന്‍പഞ്ചായത്തംഗം ഇ.പി.ഭാര്‍ഗവി വിത്ത് ഏറ്റുവാങ്ങി. ഇരിക്കൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കോര തോമസ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ എ.സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഇ.കുഞ്ഞികൃഷ്ണന്‍, പ്രഥമാധ്യാപകന്‍, വി.മോഹനന്‍, നെടുങ്ങോം വികസന സമിതിയംഗം എം.ബാബു, കുടുംബശ്രീ എ.ഡി.എസ്.പ്രസിഡന്റ് പുഷ്പ ഭാസ്‌കരന്‍, കെ.പി.ദാമോദരന്‍, ജിന്‍സ് കാളിയാനി, ജോസ് ചിറയില്‍, പി.ടി.എ. പ്രസിഡന്റ് വി.സി.രവീന്ദ്രന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനച്ചടങ്ങിനുശേഷം സ്‌കൂള്‍പരിസരത്തുള്ള കടവത്ത് വളപ്പില്‍ വിജയന്റെ കൃഷിയിടത്തില്‍ പഞ്ചായത്ത് പ്രസിഡന്റും വിശിഷ്ടാതിഥികളും ചേര്‍ന്ന് പച്ചക്കറി വിത്ത് നട്ടു. ആയിരത്തിലേറെ പായ്ക്കറ്റ് വിത്ത് വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് നല്കി. പച്ചക്കറികൃഷി നടത്തുന്നവര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് അസി. ഡയറക്ടര്‍ അറിയിച്ചു.