മാവേലിക്കര: പുതിയ വര്‍ഷത്തെ "മാതൃഭൂമി' സീഡ് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കോ-ഓര്‍ഡിനേറ്റര്‍മാരുടെ പരിശീലനം നടന്നു. ജലം, ഭക്ഷണം, ജീവന്‍ എന്നീ ആശയങ്ങളിലൂന്നി സീഡിന്റെ അഞ്ചാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തും.സീഡ് പോലീസ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഭക്ഷ്യ സംസ്ക്കാരവും ജൈവ വൈവിധ്യ സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങി പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലൂടെയാണ് സീഡ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. പരിശീലന ക്ലാസ്സില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ കെ. ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളിലൂടെ പരിസ്ഥിതി വിപ്ലവം തന്നെയുണ്ടാകുന്ന അനുഭവമാണ് "മാതൃഭൂമി' സീഡിലൂടെ കാണുന്നത്. ചുറ്റുപാടുമുള്ള വലിയ സമൂഹത്തെ കുട്ടികള്‍ നയിക്കുകയാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് തന്റെ വീട് വൃത്തിയുള്ളതാണെന്ന് അഹങ്കരിക്കുന്ന സമൂഹത്തെ മാറി ചിന്തിക്കാന്‍ സീഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നുണ്ട്-കെ.ആര്‍. മുരളീധരന്‍ പറഞ്ഞു. "മാതൃഭൂമി' ആലപ്പുഴ യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ കെ.ജി. മുകുന്ദന്‍ ക്ലാസ്സ് നയിച്ചു. മാവേലിക്കര എ.ഇ.ഒ. കെ.സുധ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ഓമനക്കുട്ടിയമ്മ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. വിദ്യാധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ്മാനേജര്‍ സി.സുരേഷ്കുമാര്‍ സ്വാഗതവും സീഡ് റവന്യു ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹരി നന്ദിയും പറഞ്ഞു.