വീടുകള്‍തോറും പച്ചക്കറിക്കൃഷിയുമായി "സീഡ്' അംഗങ്ങള്‍

Posted By : Seed SPOC, Alappuzha On 5th November 2013


 
തുറവൂര്‍: വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി വീട്ടുവളപ്പില്‍ത്തന്നെയെന്ന ലക്ഷ്യത്തോടെ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുകയാണ് കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയന്‍ സ്കൂളിലെ മാതൃഭൂമി "സീഡ്' അംഗങ്ങള്‍. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ക്ലബ്ബിന്റെ പിന്‍തുണയുമുണ്ട്. തിരഞ്ഞെടുത്ത 10 കുട്ടികള്‍ക്ക് സൗജന്യായി വിത്ത് നല്‍കിയിരുന്നു. പയര്‍, പാവല്‍, പടവലം, വെണ്ട, ചീര, പീച്ചില്‍, കൊത്തമര, തക്കാളി, പച്ചമുളക് എന്നിങ്ങനെ നീളുന്നു കൃഷിയിറക്കിയ പച്ചക്കറിയുടെ നിര. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ പരിചരണവും കുട്ടികള്‍ തന്നെയാണ്.
കുട്ടികള്‍ക്ക് പ്രത്യേകം ഡയറി നല്‍കിയിട്ടുണ്ട്. വീട്ടിലെ ഒരുമാസത്തെ ബജറ്റ്, പച്ചക്കറിക്കായി ചെലവഴിക്കുന്ന തുക, വീട്ടില്‍ പച്ചക്കറി കൃഷിക്കെടുത്തപ്പോള്‍ ഉണ്ടായ സാമ്പത്തികലാഭം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ ഡയറിയില്‍ രേഖപ്പെടുത്തണം. പഠനത്തോടൊപ്പം കുട്ടികളെ കൃഷിയോടും പ്രകൃതിയോടുമടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധ്യാപികയും "സീഡ്' കോ ഓര്‍ഡിനേറ്ററുമായ സി.കെ. ബീന പറഞ്ഞു.
   സി.കെ. ബീന, വിജയശ്രീ, ബബിത, കെ.പി. അശോക്കുമാര്‍, സതീദേവി, പ്രതാപന്‍ എന്നിവര്‍ കഴിഞ്ഞദിവസം കുട്ടികളുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. പ്രധാന അധ്യാപകനായ വി. സതീശും മറ്റ് അധ്യാപകരും എല്ലാവിധ സഹകരണവുമായി കൂടെയുണ്ട്.
 

Print this news