രാധാകൃഷ്ണനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സീഡ് യൂണിറ്റിന്റെ കൈത്താങ്ങ്

Posted By : klmadmin On 3rd November 2013


 പുത്തൂര്‍: ജോലിക്കിടെ സംഭവിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട പവിത്രേശ്വരം മുകളുവിളവീട്ടില്‍ രാധാകൃഷ്ണ(35)ന് സീഡ് യൂണിറ്റിന്റെ കൈത്താങ്ങ്.
രാധാകൃഷ്ണന്റെ ദുരിതജീവിതം മാതൃഭൂമിയിലൂടെ വായിച്ചറിഞ്ഞ പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി. എച്ച്.എസ്.എസ്സിലെ സീഡ് യൂണിറ്റ് വിദ്യാര്‍ത്ഥികളാണ് നന്മയുടെ വഴികാട്ടികളായി ചികിത്സാസഹായം വീട്ടിലെത്തിച്ചത്. സ്‌കൂളില്‍ വിവിധ വിദ്യാര്‍ഥികളില്‍നിന്ന് സ്വരൂപിച്ചെടുക്കുകയായിരുന്നു ചികിത്സാസഹായം.
പ്രഥമാധ്യാപകന്‍ പി.ആര്‍.മംഗളാനന്ദന്‍ പിള്ള സഹായം രാധാകൃഷ്ണന് കൈമാറി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ മുന്നൂര്‍ അരുണ്‍, മാനേജര്‍ എന്‍.ജനാര്‍ദ്ദനന്‍ നായര്‍, ജി.ഗോപകുമാര്‍, പ്രസന്നകുമാര്‍ വിദ്യാര്‍ഥികള്‍ എന്നിവരും രാധാകൃഷ്ണന് ആശ്വാസമേകാന്‍ എത്തിയിരുന്നു. കശുവണ്ടി ഫാക്ടറിയില്‍ കശുവണ്ടിച്ചാക്ക് ചുമക്കുന്നതിനിടെ കാല്‍വഴുതിവീണാണ് രാധാകൃഷ്ണന് പരിക്കേറ്റത്. മാതൃഭൂമി വാര്‍ത്തയെത്തുടര്‍ന്ന് നിരവധിപേര്‍ രാധാകൃഷ്ണന് സഹായവും ആശ്വാസവും പകരാന്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.  

Print this news