മാതൃഭൂമി സീഡ് അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി

Posted By : Seed SPOC, Alappuzha On 13th July 2013


ചേര്‍ത്തല: പുതുതലമുറയിലേക്ക് പ്രകൃതി സംരക്ഷണത്തിന്റെ പുതിയ അറിവുകള്‍ പകരുന്ന "മാതൃഭൂമി-സീഡ് പദ്ധതി'യുടെ 2013-2014 ലെ നടത്തിപ്പിന്റെ ഭാഗമായി ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ നടന്ന അധ്യാപക പരിശീലനം ചേര്‍ത്തല നഗരസഭ അധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാന്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് കഴിഞ്ഞതായി ജയലക്ഷ്മി അനില്‍കുമാര്‍ പറഞ്ഞു. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ജിമ്മി കെ. ജോസ് ചടങ്ങില്‍ അധ്യക്ഷനായി. ഒരുമണി അന്നംപോലും പാഴാക്കാതെ ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായി മാതൃഭൂമി സീഡ് പരിപാടി വളര്‍ന്നതായും ജിമ്മി കെ ജോസ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് ആലപ്പുഴ റീജിയണല്‍ ഓഫീസ് അസി.ജനറല്‍ മാനേജര്‍ കെ.വി. ജോസ്, ചേര്‍ത്തല കൃഷി അസി.ഡയറക്ടര്‍ ബീന നടേശ് എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്കുമാര്‍ സ്വാഗതവും ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് നന്ദിയും പറഞ്ഞു. മാതൃഭൂമി ആലപ്പുഴ യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ കെ.ജി. മുകുന്ദന്‍ ക്ലാസ്സ് നയിച്ചു.

 

Print this news