ചുരുങ്ങിയ ചെലവില്‍ മാലിന്യസംസ്‌കരണം; മാതൃക കാട്ടി സീഡ് വിദ്യാര്‍ഥികള്‍

Posted By : idkadmin On 2nd November 2013


 പെരുമ്പിള്ളിച്ചിറ: അടുക്കള മാലിന്യസംസ്‌കരണത്തിനുള്ള ചെലവു കുറഞ്ഞ മാതൃക പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു.പി.സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ കേരളപ്പിറവിദിനം ആഘോഷിച്ചു. ഒരു പ്ലാസ്റ്റിക് ചെരുവം, ചെറിയ പി.വി.സി. പൈപ്പ്, ചകിരി, ഓട് കഷണങ്ങള്‍, മണ്ണിര എന്നിവയാണ് ഈ മാതൃകയുണ്ടാക്കാനായിവേണ്ട സാധനങ്ങള്‍. വീടുകളില്‍ സ്വയം പരീക്ഷിച്ചറിഞ്ഞശേഷമാണ് സീഡ് പ്രവര്‍ത്തകര്‍ മാലിന്യസംസ്‌കരണ-ഊര്‍ജസംരക്ഷണ പ്രചാരണവും ലഘുലേഖകളുമായി രംഗത്തുവന്നത്. 100 രൂപയാണ് ഈ മാതൃക ഉണ്ടാക്കാനുള്ള ചെലവ്. 
പ്രദേശത്തെ 320 വീടുകള്‍ സന്ദര്‍ശിച്ച കുട്ടികള്‍ ഊര്‍ജസംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. ശ്രേഷ്ഠമലയാളത്തെയും ഊര്‍ജസംരക്ഷണത്തെയും പ്രകീര്‍ത്തിച്ച് പെരുമ്പിള്ളിച്ചിറ സ്‌കൂള്‍ അങ്കണത്തില്‍നിന്ന് കുട്ടികളുടെ പ്രകടനവും നടന്നു. 
മാതൃകകള്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കാന്‍ നേതൃത്വം നല്‍കുമെന്ന് കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടിയ്ക്കല്‍ പറഞ്ഞു. ഫാ. ജോസ് കണ്ടത്തില്‍ ഊര്‍ജസംരക്ഷണ സന്ദേശം നല്‍കി. വിദ്യാര്‍ഥികളായ അഫ്താബ്, ഷാല്‍ന, അമല ജോസ്, ഫാറൂഖ്, ബാദുഷ എന്നിവരാണ് വിവിധ മാതൃകകള്‍ അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റര്‍ കെ.ജി.ആന്റണി, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ബെന്നി പി.ജെ., ആമിന കെ.പി., സീഡ് ഭാരവാഹികളായ തന്‍വീര്‍ സി.ജെ., അന്‍ഷാന നിയാസ്, ജെയ്‌സണ്‍ ജോസ്, മേഴ്‌സി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print this news