കടയ്ക്കല്‍ ഗവ. ഹൈസ്‌കൂളില്‍ കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

Posted By : klmadmin On 2nd November 2013


 കടയ്ക്കല്‍: കടയ്ക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് പണികഴിപ്പിച്ച മൂന്നാംഘട്ട കുടിവെള്ളപദ്ധതി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഒന്നാംഘട്ടത്തില്‍ കുടിവെള്ള ക്ഷാമപരിഹാരത്തിനായി ഒരുകുഴല്‍ക്കിണറും ടാങ്കും വാട്ടര്‍ടാപ്പ് യൂണിറ്റും നിര്‍മിച്ചു.
രണ്ടാംഘട്ടത്തില്‍ ഒരു വട്ടര്‍ ടാപ്പ് യൂണിറ്റും കുഴല്‍ക്കിണറിലെ വെള്ളം എല്ലാ ടോയ്‌ലറ്റുകളിലും എത്തിക്കാനുള്ള സംവിധാനവുമുണ്ടാക്കി.
മൂന്നാംഘട്ട കുടിവെള്ളപദ്ധതിയുടെ ഭാഗമായി പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഒരുകോണ്‍ക്രീറ്റ് ടാങ്ക്, പമ്പ്ഹൗസ്, അനുബന്ധ വാട്ടര്‍ടാപ്പ് യൂണിറ്റ് എന്നിവയാണ് പണിതീര്‍ത്തത്.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.സുബ്ബലാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.തങ്കമണി സ്വാഗതം പറഞ്ഞു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള മുഖ്യപ്രഭാഷണംനടത്തി. കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലത, ജില്ലാ പഞ്ചായത്തംഗം എസ്.ആനന്ദകുസുമം, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, മാതൃഭൂമി കൊല്ലം യൂണിറ്റ് മാനേജര്‍ പി.വി.കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു.
മൂന്നുവര്‍ഷത്തെ സീഡ് അവാര്‍ഡ് തുകയ്‌ക്കൊപ്പം മികച്ച പരിസ്ഥിതി ക്ലബിനുള്ള അവാര്‍ഡ് തുകയും മികച്ച പി.ടി.എ. അവാര്‍ഡ് തുകയും പ്രാദേശികമായി ലഭിച്ച സംഭാവനകളും ഉള്‍പ്പെടുത്തി 3,85,724 രൂപയാണ് ചെലവായത്. ആര്‍.ബിജു നന്ദി പറഞ്ഞു. 

Print this news