മരങ്ങളില്‍ ആണിയടിക്കുന്നവര്‍ക്കെതിരെ നടപടിയില്ല; ഉത്തരവിന് ഫയലില്‍ വിശ്രമം

Posted By : Seed SPOC, Alappuzha On 13th July 2013


ചാരുംമൂട്:വഴിയോര തണല്‍മരങ്ങളില്‍ ആണി, കമ്പി തുടങ്ങിയവ ഉപയോഗിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ (സോഷ്യല്‍ ഫോറസ്ട്രി) ഉത്തരവിന് ഫയലില്‍ വിശ്രമം. ഉത്തരവ് ഇറങ്ങി പത്തുമാസം കഴിഞ്ഞിട്ടും ഇതിന്‍മേല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്ററായിരുന്ന കുറത്തികാട് ചൂരല്ലൂര്‍ സന്തോഷ് ഭവനില്‍ റാഫി രാമനാഥ് വിവരാവകാശ നിയമപ്രകാരം സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. താമരക്കുളം വി.വി.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി സൗഹൃദ വിദ്യാര്‍ഥി കൂട്ടായ്മയും ചേര്‍ന്ന് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് 2012 സപ്തംബര്‍ 7 ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവ് ഇറക്കിയത്.ഉത്തരവ് ഇറക്കിയതിന് പിന്നാലെ താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി തളിര് സീഡ് പോലീസ് അംഗങ്ങളും ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കെ.പി.റോഡില്‍ കരിമുളയ്ക്കല്‍ മുതല്‍ പറയംകുളംവരെയുള്ള വഴിയോര തണല്‍മരങ്ങളിലെ കുറെ ബോര്‍ഡുകള്‍ നീക്കംചെയ്തു. എന്നാല്‍, ഇപ്പോള്‍ വീണ്ടും പഴയപടി ആയിരിക്കുകയാണെന്ന് സീഡ് പ്രവര്‍ത്തകര്‍ പറയുന്നു.മറ്റു ജില്ലകളിലൊന്നും ഇതുസംബന്ധിച്ച് നടപടി ഉണ്ടാകാത്തതിനാല്‍ സീഡ് ക്ലബ്ബ് ആര്‍. രാജേഷ് എം.എല്‍.എ.ക്ക് നിവേദനം നല്‍കി. 2013 ഫിബ്രവരി 19 ന് എം.എല്‍.എ. ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോര്‍ഡുകള്‍ പോലീസിന്റെ സഹായത്തോടെ വനം ഉദ്യോഗസ്ഥര്‍ നീക്കിത്തുടങ്ങി എന്നാണ് വനംമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. റാഫി രാമനാഥ് ഇതിന്റെ നിജസ്ഥിതി അറിയാന്‍ വിവരാവകാശ നിയമപ്രകാരം പോലീസ് ആസ്ഥാനത്ത് നല്‍കിയ അപേക്ഷയില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല.പാലക്കാട് ജില്ലാകലക്ടര്‍ 2010 ജനുവരി 19 ന് ഇറക്കിയ ഉത്തരവില്‍ വഴിയോര തണല്‍മരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ 15 ദിവസത്തിനുള്ളില്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പ് ജില്ലാ പോലീസ് ചീഫിനും റവന്യൂഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും അയച്ചിരുന്നു. എന്നാല്‍ ഇവിടെയും നടപടികള്‍ ഒന്നും ഉണ്ടായില്ല. പരസ്യബോര്‍ഡുകള്‍ മരങ്ങളെ നശിപ്പിക്കുന്നുവെന്നു മാത്രമല്ല, വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ കാഴ്ച മറയ്ക്കുന്നു. 1984 ലെ പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി നിയമപ്രകാരവും ഇത് കുറ്റകരണമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കലക്ടറുടെ ഉത്തരവില്‍ പറയുന്നു.മരങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറാകാത്ത സാഹചര്യത്തില്‍ വീണ്ടും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനാണ് താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കെ.പി. റോഡിലെ മരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പഴയതും പുതിയതുമായ ബോര്‍ഡുകളുടെ വിവരശേഖരണം നടത്തി. കേരളത്തിലെ എല്ലാ സ്കൂളുകളിലെയും സീഡ് ക്ലബ്ബ് പ്രവര്‍ത്തകരെ ഇതിനായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തു.

 

Print this news