ചെങ്ങന്നൂര്‍: ജലസംരക്ഷണ സന്ദേശവുമായി മലിനീകരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കി സീഡ് ക്ലബ് അംഗങ്ങളുടെ നാടകം ഒരുങ്ങുന്നു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളിലെ ഹരിതം സീഡ് ക്ലബ് അംഗങ്ങള്‍ ചേര്‍ന്നാണ് "ജീവജലം' എന്ന പേരില്‍ നാടകം ഒരുക്കുന്നത്.
മലിനീകരണത്തിന്റെ ദുരന്തഫലങ്ങളിലേക്കുള്ള മുന്നറിയിപ്പാണ് ഈ ദൃശ്യാവിഷ്കാരം. നീര്‍ത്തടങ്ങള്‍ നികത്തുമ്പോഴും ജലസ്രോതസ്സുകള്‍ മലിനമാകുമ്പോഴും ഉണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ ജാഗരൂകരാകാന്‍ "ജീവജലം' ആഹ്വാനം ചെയ്യുന്നു.
സീഡ് ക്ലബ് പ്രവര്‍ത്തകരായ ഹരിനാരായണന്‍, അര്‍ജുന്‍, ഡിജി, ആഷ്‌ലി, ഷാലു എം.പിള്ള, കൃപ എബ്രഹാം, അപര്‍ണ കാവ്യദാസ് എന്നിവരാണ് അഭിനയിക്കുന്നത്. റിഹേഴ്‌സല്‍ നടന്നുവരുന്നു.
സ്കൂളിന് അതിരിട്ട് ഒഴുകുന്ന പമ്പാനദിയുടെ സംരക്ഷണവും മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണവും സീഡ് ക്ലബ് ലക്ഷ്യമിടുന്നു.
പമ്പാ തീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളിച്ചുകൂട്ടുന്ന ജനകീയ കൂട്ടായ്മകളില്‍ സീഡ് ക്ലബ് അംഗങ്ങള്‍ നാടകം അവതരിപ്പിക്കും. നാടകം സി.ഡി.യിലാക്കി മറ്റു സ്കൂളുകളിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കാനും ഉദ്ദേശിക്കുന്നു. സ്കൂള്‍ ഓഫ് ഡ്രാമയിലെ നൂറനാട് സുകുവാണ് രചനയും സംവിധാനവും. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.