കിടങ്ങന്നൂര്‍: പള്ളിമുക്കത്ത് ഭഗവതിയുടെ കാവിലെ പച്ചപ്പിന് പകിട്ടേകാന്‍ ഇനി അപൂര്‍വയിനം വൃക്ഷങ്ങള്‍. തിരുമുറ്റത്ത് നിറച്ചാര്‍ത്തായി പൂജാപുഷ്പച്ചെടികള്‍. പള്ളിമുക്കത്തമ്മയ്ക്കുമുന്നില്‍ കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ ദക്ഷിണസമര്‍പ്പണം 'ഭൂമിക്കൊരു നക്ഷത്രപൂജ'കൂടിയായി.
സ്‌കൂളിലെ നാല്പത് സീഡ് ക്ലബ്ബംഗങ്ങള്‍ ചേര്‍ന്നാണ് പള്ളിമുക്കത്ത് ക്ഷേത്രത്തില്‍ 'നക്ഷത്ര അടവി' എന്നപേരില്‍ വൃക്ഷങ്ങളും ചെടികളും നട്ടുനനച്ചത്.
അപൂര്‍വയിനം കൃഷ്ണനാല്‍, ഗണപതിനാരകം, പൂജകദളി, മാതളനാരകം, ചെറുനാരകം, തെറ്റി, അരളി, ചെമ്പരത്തി, രുദ്രാക്ഷം, കമ്പകം, പാരിജാതം തുടങ്ങി വിവിധയിനം ചെടികളും വൃക്ഷങ്ങളുമാണ് നട്ടത്.
27 നാള്‍വൃക്ഷത്തൈകള്‍ ഉള്‍പ്പെടെ 200 തൈകള്‍ ക്ഷേത്രപരിസരവും കാവും സമൃദ്ധമാക്കും. ഇതിന്റെ പരിപാലനവും സീഡ് ക്ലബ് ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രപരിസരവും കുളവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കി വൃത്തിയാക്കി.
മുരുക്കുവേലില്‍ ഇല്ലം പരമേശ്വരന്‍ നമ്പൂതിരി വിളക്കുകൊളുത്തി പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്തു. ക്ഷേത്രഭാരവാഹികളായ വിജയന്‍ പുറമിറ്റത്ത്, ഉണ്ണികൃഷ്ണന്‍, രാമചന്ദ്രന്‍ നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ് ബാബു, ജേക്കബ് മാത്യു, സീഡ് പൂര്‍വവിദ്യാര്‍ഥി സംഘടനാ ഗ്രീനറി സെക്രട്ടറി ശ്യാംകൃഷ്ണന്‍, ജിതിന്‍ ജോസ്, പ്രിയ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രഭാരവാഹികള്‍ നടത്തിയ അന്നദാനവും സ്വീകരിച്ചാണ് സീഡ് ക്ലബ്ബംഗങ്ങള്‍ മടങ്ങിയത്.