പാരമ്പര്യവഴികളിലെ കൃഷിക്ക് മികച്ച വിളവ്; ആവേശമായി കൊയ്ത്തുത്സവം

Posted By : Seed SPOC, Alappuzha On 18th October 2013


 

 
 
ചേര്‍ത്തല: പാരമ്പര്യവഴികളില്‍നിന്ന് അണുവിട മാറാതെ സ്കൂള്‍മുറ്റത്ത് നടത്തിയ നെല്‍ക്കൃഷിക്ക് നൂറുമേനി. പുസ്തകങ്ങളും പേനയ്ക്കുമൊപ്പം മണ്ണിനോടും കൂട്ടുകൂടിയ കുട്ടികള്‍ക്ക് മനസ്സു നിറയ്ക്കുന്ന വിളവാണ് ലഭിച്ചത്. "മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൃഷിയെ അറിയാനും പഠിക്കാനുമായി ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്സില്‍ അഞ്ച് സെന്റില്‍ കൃഷിയിടമൊരുക്കി വിളവിറക്കിയത്. 
കഞ്ഞിക്കുഴി കൃഷിഭവനില്‍നിന്ന് ലഭിച്ച കരനെല്‍വിത്തുപയോഗിച്ചായിരുന്നു കൃഷി. ചാണകവും മറ്റും ഇട്ട് മണ്ണ് പരുവപ്പെടുത്തിയും മഴവെള്ളം സംഭരിച്ചുമായിരുന്നു കൃഷി. സീഡിലെ കാര്‍ഷിക ക്ലബ്ബംഗങ്ങളായ 42 കുട്ടികളാണ് ചുമതലക്കാരായിറങ്ങിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. പ്രതാപനും പി.ടി.എ. അംഗങ്ങളായ ബാബുലാലും പി.കെ. രവീന്ദ്രനും കുട്ടികള്‍ക്കൊപ്പം നിന്നു. കൃഷി ഓഫീസര്‍ റജി ജി.വി. കുട്ടികള്‍ക്ക് കൃഷിപാഠം പകര്‍ന്നുനല്‍കി. 
സമൂഹത്തിനാകെ പുത്തന്‍ ഉണര്‍വും കാര്‍ഷിക സന്ദേശവും നല്‍കിയ കുട്ടിക്കൃഷിയുടെ കൊയ്ത്തുത്സവം കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, വാര്‍ഡ് മെമ്പര്‍ രാജേശ്വരി, "മാതൃഭൂമി' സീഡ് എസ്.പി.ഒ.സി. സി.ബിജു, ചേര്‍ത്തല ഡി.ഇ.ഒ. എം.എസ്. പ്രസന്നകുമാരി, ഗിരീശന്‍, കൃഷി ഓഫീസര്‍ റജി ജി.വി. എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.ജി. സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.സന്തോഷ് നന്ദിയും പറഞ്ഞു. 
 

Print this news