പണിക്കന്‍കുടി:സ്‌കൂളില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കരിമലമുകളിലേക്ക് കൈകളില്‍ വൃക്ഷത്തൈകളുമായി അവര്‍ നടന്നുകയറി. വെയില്‍ച്ചൂടിനിടയിലും കുളിര്‍കാറ്റ് വീശിയടിക്കുന്ന മലമുകളിലെ പുല്‍മേട്ടില്‍ തങ്ങള്‍ക്കും ഇനിവരുന്ന തലമുറകള്‍ക്കുമായി അവര്‍ വൃക്ഷത്തൈകള്‍ നട്ടു. മുനിയറ ഗവ. ഹൈസ്‌കൂളിലെ സീഡ് ക്ലബിലെ വിദ്യാര്‍ഥികളാണ് അധ്യാപകരുടെ നേതൃത്വത്തില്‍ കൊന്നത്തടി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍പുറമായ കരിമലയിലെത്തിയത്. ഞാവലും നെല്ലിയും പുളിയും മാവും പ്ലാവുമെല്ലാം അവര്‍ മലമേട്ടില്‍ നട്ടുവച്ചു. മലമുകളില്‍നിന്ന് അവര്‍ മനോഹരമായ ചുറ്റുവട്ടങ്ങളെ നോക്കി പരിസ്ഥിതിഗീതം പാടി. രാമച്ചം വിളയുന്ന മലയടിവാരത്തുകൂടിയാണ് കുട്ടികള്‍ മലയിറങ്ങിയത്. വേരുള്ള രാമച്ചത്തിന്റെ നാമ്പുകള്‍ അവര്‍ കൈയില്‍ സൂക്ഷിച്ചുവച്ചു; വീട്ടിലെത്തുമ്പോള്‍ തൊടിയില്‍ നട്ടുവളര്‍ത്താനും പരിസ്ഥിതിദിനത്തിന്റെ സുഗന്ധം നിറയുന്ന ഓര്‍മ്മകള്‍ അയവിറക്കാനും. സ്‌കൂളിലെ പ്രഥമാധ്യാപകരായ കെ.കെ.ജോസഫ്, ഷേര്‍ളി മോള്‍ ഫിലിപ്പ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ തങ്കമ്മ മാധവന്‍, പി.ടി.എ. പ്രസിഡന്റ് വി.കെ.സലിം, ദീപ ജി., ദീപക്, സലിം തോപ്പില്‍, സാജു മാത്യു എന്നിവര്‍ കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.