മുഹമ്മ (ആലപ്പുഴ): കായല്‍ നിരപ്പിനേക്കാള്‍ താഴ്ന്ന നിരപ്പിലുള്ള കൃഷിരീതികളും തലങ്ങനെയും വിലങ്ങനെയുമുള്ള മണല്‍ച്ചിറകളുമുള്ള കുട്ടനാടിനെ അടുത്തറിയാന്‍, കണ്ടുമനസ്സിലാക്കാന്‍, ചിത്രീകരിക്കാന്‍ കണ്ണൂരില്‍നിന്ന് ഒരുസംഘം വിദ്യാര്‍ത്ഥികള്‍. കണ്ണൂരില്‍നിന്ന് കായല്‍ സാമ്രാജ്യം കാണാനെത്തിയത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്.
കൂത്തുപറമ്പ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബിലെ അംഗങ്ങള്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി. ദയാലിന്റെ നേതൃത്വത്തിലാണ് കുട്ടനാട് കാണാനെത്തിയത്.
കഴിഞ്ഞവര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ യു.പി.തലം മുതല്‍ 10 ാം ക്ലാസ്സ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ത്ഥികളാണ് പഠനയാത്രയുടെ ഭാഗമായി കുട്ടനാട് കാണാനെത്തിയത്. ജൈവവൈവിധ്യ ബോര്‍ഡിന്റെ ഹരിതവിദ്യാലയം, വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം, മാതൃഭൂമി സീഡിന്റെ കഴിഞ്ഞവര്‍ഷത്തെ ശ്രേഷ്ഠഹരിത വിദ്യാലയം, സംസ്ഥാനത്തെ മികച്ച കാര്‍ഷിക വിദ്യാലയം എന്നീ പുരസ്കാരങ്ങള്‍ നേടിയ വിദ്യാലയമാണ് കൂത്തുപറമ്പ് ഹൈസ്കൂള്‍. സ്കൂള്‍ വളപ്പില്‍ത്തന്നെ 6 ഏക്കര്‍ സ്ഥലത്ത് വിവിധങ്ങളായ പച്ചക്കറിക്കൃഷികള്‍, കോഴിവളര്‍ത്തല്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവയും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ നടത്തുന്നുണ്ട്. സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും പുഴയെക്കുറിച്ചുള്ള പഠനവും കുട്ടനാട് യാത്രയും ഡോക്യുമെന്ററി ചിത്രീകരണവും നടത്തുകയും ചെയ്യുന്നു. ആലപ്പുഴയില്‍ എത്തിയ കുട്ടികള്‍ പള്ളാത്തുരുത്തി, നെടുമുടി ഭാഗത്തെത്തി കൃഷിരീതികള്‍ കര്‍ഷകരോട് ചോദിച്ച് മനസ്സിലാക്കി. ആലപ്പുഴയിലെ തോടുകളും പുന്നമടക്കായലും സന്ദര്‍ശിച്ച് തണ്ണീര്‍മുക്കം ബണ്ടിന്റെ മണല്‍ച്ചിറയും കണ്ടാണ് പഠനയാത്ര അവസാനിപ്പിച്ചത്.
ജലസ്രോതസ്സുകള്‍ മണല്‍ച്ചിറ കെട്ടി തടുത്തുനിര്‍ത്തിയതിന്റെ ദോഷവശങ്ങളെക്കുറിച്ച് കെ.വി. ദയാല്‍ വിശദീകരിച്ചു.
സീഡിന്റെ ക്ലബ് കണ്‍വീനര്‍ കുന്നുമ്പ്രാല്‍ രാജന്‍, അധ്യാപകരായ പി.എം. ദിനേശന്‍, രാകേഷ് തില്ലങ്കേരി, അഭിന്‍ ദിവാകരന്‍, യു.കെ. അജിത, സോന, വത്സല, നിഷ എന്നിവരെ കൂടാതെ പി.ടി.എ. പ്രസിഡന്റ് വി.വി. ദിവാകരന്‍, വിദ്യാര്‍ഥികളായ വിഷ്ണുഭരത്, മഞ്ജുശ്രീ, വിന്യാരാജ്, അസറുദ്ദീന്‍, ലിറ്റി സുന്ദര്‍, ജിബിന്‍ രാജ് എന്നിവര്‍ പഠനയാത്രയ്ക്ക് നേതൃത്വം നല്കി. ഡോക്യുമെന്ററി ചിത്രീകരിക്കുന്നത് സംഘാംഗമായ ഷിജില്‍കാരായി ആണ്.