പച്ചപ്പിന്റെ പൊന്‍വെട്ടമായി ചുണ്ടമ്പറ്റ ബി.വി.യു.പി. സ്കൂള്‍

Posted By : pkdadmin On 13th July 2013


ഒരുപറ്റം മിന്നാമിനുങ്ങുകള്‍ ചേര്‍ന്നാല്‍ പര്‍വതത്തിന്റെ ഏതാനും ഭാഗങ്ങളെ ഇരുളിന്റെ കരാളഹസ്തങ്ങളില്‍നിന്ന് മോചിപ്പിക്കാം.' സീഡ് വാര്‍ഷികമൂല്യനിര്‍ണയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ആമുഖമായി പാലക്കാട് ജില്ലയിലെ ചുണ്ടമ്പറ്റ ബി.വി.യു.പി. സ്കൂളിലെ "ഹരിതബാല്യം' സീഡ് ക്ലബ്ബ് ഇങ്ങനെ കുറിച്ചത് വെറും വാക്കുകളായിരുന്നില്ല. സീഡ് പദ്ധതിയില്‍ 2012-'13 വിദ്യാഭ്യാസവര്‍ഷത്തില്‍ ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയമെന്ന സ്ഥാനവും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും ചുണ്ടമ്പറ്റ ബി.വി.യു.പി. സ്കൂളിനാണ്. ഒരിഞ്ച് കൃഷിസ്ഥലം സ്വന്തമായില്ല. എന്തിന്, കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചൊന്ന് ഓടിക്കളിക്കാനൊരു ഗ്രൗണ്ട് പോലുമില്ല. എന്നിട്ടും, ചുണ്ടമ്പറ്റയുടെ ഹരിത ബാല്യം "സീഡി'ന്റെ വിത്തുകള്‍ കരുതലോടെ വിതച്ചു. അത് നൂറുമേനി വിളഞ്ഞതും പൊലിച്ചതും മണ്ണില്‍ മാത്രമായിരുന്നില്ല, സമൂഹത്തിന്റെ മനസ്സില്‍ കൂടിയായിരുന്നു. അഞ്ഞൂറോളം സീഡ് ക്ലബ്ബ് അംഗങ്ങള്‍, പത്ത് ബറ്റാലിയനുകളിലായി 110 സീഡ് പോലീസ്, "സീഡ്' നിര്‍ദേശിച്ച എട്ട് പദ്ധതികളിലായി നൂറ്റമ്പതോളം വ്യത്യസ്തങ്ങളായ പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ പങ്കാളികളായി. മുപ്പതോളം സാമൂഹികസര്‍വേകള്‍, തൂതപ്പുഴയില്‍ കട്ടുപ്പാറ പാലത്തിനുതാഴെ തടയണയുടെ പണികള്‍ക്ക് കുട്ടികളും കൂടിയത്, ഇതിനൊക്കെ പുറമേ സ്കൂളിലെ ഉച്ചഭക്ഷണത്തിന് മെഴുക്കുപുരട്ടിയും സാമ്പാറും ഒരുക്കാനുള്ള പച്ചക്കറികള്‍... ക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് നേദിച്ച നെല്ലെടുത്ത് വീട്ടുമുറ്റത്ത് വിളയിറക്കാന്‍ സ്കൂളിലെ ഒരു വിദ്യാര്‍ഥിനിക്ക് പ്രേരണയായതും സീഡിലെ പങ്കാളിത്തംതന്നെ. ഈ കുട്ടിക്കളിയില്‍ വിളഞ്ഞത് രണ്ടുകിലോയോളം നെല്ല്! വീട്ടുമുറ്റത്തെ മരം മുറിക്കുന്നതറിഞ്ഞ് അഞ്ചാം ക്ലാസുകാരന്‍ പ്രതിഷേധിച്ചത് മൂന്നുനാള്‍ വീട്ടില്‍നിന്ന് ആഹാരം കഴിക്കാതെയാണ്. മരം മുറിക്കുന്നില്ലെന്ന കാര്യം വീട്ടുകാര്‍ സ്കൂളിലറിയിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഉച്ചയൂണിന്റെ ഒരംശം സ്കൂളിലെ വളര്‍ത്തുമത്സ്യങ്ങള്‍ക്കായി പകുത്തുവെയ്ക്കുന്നവര്‍, മണ്ണിരകളെ വളര്‍ത്തുന്നവര്‍, മണല്‍ക്കൊള്ളക്കാരോട് ഞങ്ങള്‍ പോലീസിലറിയിക്കുമെന്ന് കയര്‍ത്ത കുട്ടിക്കൂട്ടം... ഇതൊക്കെ ചുണ്ടമ്പറ്റ ബി.വി. സ്കൂളിന് ഇന്ന് വെറും കഥകളല്ല. രക്ഷിതാക്കളും പരിസരവാസികളുമുള്‍പ്പെടെ എട്ട് സമിതികള്‍ ഇത്തവണത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഒതുക്കുകള്‍ കയറി സ്കൂള്‍ മുറ്റത്തെത്തിയാല്‍ ആദ്യം കണ്ണില്‍പ്പെടുക ചെറിയൊരു കാവാണ്. പഴയ തലമുറയുടെ വിശ്വാസം കുട്ടികള്‍ ദൗത്യമായി ഏറ്റെടുത്തതോടെ കാവ് തളിരണിഞ്ഞു. ഇപ്പോള്‍ അല്പാല്പമായി കാവ് വലുതാക്കാന്‍ ശ്രമം നടക്കുമ്പോള്‍ കൂട്ടിന് അധ്യാപകരും മാനേജര്‍ ബാലന്‍ മാഷുമുണ്ട്. കാവിന് കിഴക്കുഭാഗത്ത് പാഴ്‌വസ്തുക്കളിട്ടിരുന്ന കുഴി ഇന്ന് വേനലിലും ഉറവയുള്ള ചെറുകുളമാണ്. ഏഴിനം മത്സ്യങ്ങളും ഈ കുളത്തിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുട്ടികള്‍ വെച്ചുപിടിപ്പിച്ച ഔഷധത്തോട്ടം സ്വാഭാവികവനമായി മാറുകയാണ്. അങ്കക്കോഴി, കരിങ്കോഴി തുടങ്ങി വംശനാശഭീഷണി നേരിടുന്ന പക്ഷിവര്‍ഗങ്ങളെ സംരക്ഷിക്കാന്‍ പാഴ്‌വസ്തുക്കള്‍കൊണ്ട് തീര്‍ത്തത് ഉഗ്രന്‍ ഇന്‍ക്യുബേറ്ററാണ്. 80 കിലോയോളം തൂക്കംവരുന്ന ആനച്ചേന, ആഫ്രിക്കന്‍ കാച്ചില്‍, ഒരു മൂടില്‍നിന്ന് 53 കിലോ വരുന്ന ആമ്പക്കാടന്‍ കപ്പ, 105 കിലോ വിളഞ്ഞ സുമോ കപ്പ ഇതൊക്കെ കൃഷിയിറക്കാന്‍ മാത്രമല്ല, ആസ്വദിച്ച് കഴിക്കാനും കുട്ടികള്‍ക്കായി. കഞ്ഞിവെള്ളവും വെണ്ണീറും കലര്‍ത്തി 48 മണിക്കൂര്‍ സൂക്ഷിച്ചാല്‍ മുളകുചെടികളിലെ വൈറസ് ബാധക്കെതിരെയുള്ള ഒറ്റമൂലിയാക്കാമെന്ന് തെളിയിച്ചത് "ഹരിതബാല്യത്തിലെ' കുട്ടിഗവേഷകരാണ്. ഇതുള്‍പ്പെടെ എഴുപത്തഞ്ചോളം പരീക്ഷണങ്ങളാണ് അരങ്ങേറിയത്. കെ. സജേഷ് (പ്രസി.), എന്‍. വര്‍ഷ (വൈ. പ്രസി.), ഇ. ലസീമ, എന്‍ സന്ധ്യ, നന്ദന, എന്‍.എം. ദില്‍ഷാദ്, ആര്‍ദ്ര, ഫര്‍സാന, ജി. ജിഷ, നാദിയ എന്നിവരുള്‍പ്പെട്ട നിര്‍വാഹകസമിതിക്കൊപ്പം ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.പി. മഹേശനും പ്രധാനാധ്യാപിക പത്മജ നെട്ടിയത്തും ചേരുമ്പോള്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമായി. ഇവര്‍ക്ക് മനംനിറഞ്ഞ പിന്തുണയുമായി മറ്റ് അധ്യാപകരും ഉണ്ട്. കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്‍കിയ എന്‍.പി. മഹേശനാണ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍.

Print this news