പൂച്ചാക്കല്‍: തരിശുപാടത്ത് സ്കൂള്‍ കുട്ടികളുടെ അധ്വാനം പാഴായില്ല. പാടത്തെ നെല്‍ക്കതിരുകളുടെ ശോഭയില്‍ കുട്ടികളുടെ മനസ്സും കുളിര്‍ത്തു. അധ്വാനിച്ചതിന് ഫലം കണ്ടതിന്റെ നിറഞ്ഞ സംതൃപ്തി അവര്‍ ഉത്സവമാക്കി.
തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി. സ്കൂള്‍ വക പാടത്താണ് കുട്ടികള്‍ കൃഷിക്ക് മുന്നിട്ടിറങ്ങിയത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനമാണ് കൃഷിക്ക് പ്രചോദനമായത്. സ്കൂള്‍ മാനേജ്‌മെന്റും സീഡ്ക്ലബ്ബും ചേര്‍ന്നാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. 15 വര്‍ഷമായി ഈ പാടം തരിശായി കിടക്കുകയായിരുന്നു. തരിശ് കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കാന്‍ തൈക്കാട്ടുശ്ശേരി കൃഷിഭവന്‍ തയ്യാറായതോടെ കൃഷിക്ക് കരുത്ത് പകരുകയും ചെയ്തു. ആത്മ പദ്ധതിയില്‍പ്പെടുത്തി പ്രദര്‍ശനത്തോട്ടമായി തിരഞ്ഞെടുത്തു. കൃഷിക്ക് കീടബാധ ഏല്‍ക്കാതിരിക്കാന്‍ തുടക്കത്തില്‍ത്തന്നെ നടപടിയും ഉ
ണ്ടായി.
പൂര്‍ണ്ണമായും ജൈവമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്തത്. വിളവ് നൂറുമേനി. ഉള്ള സ്ഥലം ഉപയോഗപ്പെടുത്തി കൃഷി ചെയ്യണമെന്ന സീഡ് സന്ദേശം കുട്ടികളില്‍ ആവേശമുണര്‍ത്തിയിരുന്നു. സ്കൂള്‍ മാനേജ്‌മെന്റ് ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു.വിളവെടുപ്പ് ഉത്സവം തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കൃഷ്ണന്‍ നായരും പഞ്ചായത്തംഗം പുഷ്പാംഗദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.ആര്‍.അപ്പുക്കുട്ടന്‍ നായര്‍, ഹെഡ്മിസ്ട്രസ്സ് പി.കെ.പ്രഭ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സുജാത, കൃഷി ഓഫീസര്‍ അനു ആര്‍.നായര്‍, ആത്മ ഉദ്യോഗസ്ഥരായ അനുചന്ദ്രന്‍, സജിമോന്‍ എന്നിവര്‍ പങ്കെടുത്തു.