ഹരിതചിന്തകള്‍ പങ്കുവച്ച് സീഡ് പരിശീലനം

Posted By : idkadmin On 13th July 2013


തൊടുപുഴ: വിദ്യാര്‍ഥികളുടെ ഹരിത ചിന്തകളുടെ ഭാഗമാകാന്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മാതൃഭൂമി 'സീഡ്' പദ്ധതിയിലൂടെ സാധിച്ചത് ജീവിതത്തിലെ മഹത്തായ കാര്യമായി കാണുന്നുവെന്ന് തൊടുപുഴ എ.ഇ.ഒ. കെ.കെ.രാജന്‍ അഭിപ്രായപ്പെട്ടു.

മാതൃഭൂമി 'സീഡ്' പദ്ധതിയുടെ തൊടുപുഴ വിദ്യാഭ്യാസ ജില്ലാതല അധ്യാപക പരിശീലന പരിപാടി തൊടുപുഴ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളില്‍ കൃഷിയിടവും വീട്ടില്‍ അടുക്കളത്തോട്ടവും ഒരുക്കി പുതിയൊരു കാര്‍ഷിക ഭക്ഷ്യ സംസ്‌കാരത്തിനു നേതൃത്വം കൊടുക്കുന്ന 'സീഡ്' വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയാണെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല ചെറിയാന്‍ പറഞ്ഞു. സ്‌കൂളുകളില്‍ പച്ചക്കറി കൃഷിചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും കൃഷിവകുപ്പില്‍നിന്ന് ഉണ്ടാകുമെന്നും അവര്‍ അധ്യാപകര്‍ക്ക് ഉറപ്പുനല്‍കി.

ഭക്ഷണം-ജലം-ജീവന്‍ എന്നീ ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സീഡിലൂടെ വിദ്യാര്‍ഥികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ മനോമോഹന്‍ പറഞ്ഞു. കലാവസ്ഥാ വ്യതിയാനമാണ് ഇനി ലോകം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയെന്നും, സീഡ് പോലീസിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമെന്നും ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ തോമസ് ആന്റണി പറഞ്ഞു.

മാതൃഭൂമി ചീഫ് കറസ്‌പോണ്ടന്റ് ജോസഫ് മാത്യു അധ്യക്ഷനായി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുമ ഫിലിപ്പ് പങ്കെടുത്തു. എഴുപതോളം സ്‌കൂളുകളെ പ്രതിനിധീകരിച്ച് അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. അറക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലീന സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാതൃഭൂമി പരസ്യം അസി. മാനേജര്‍ ടോമി ജോസഫ് സ്വാഗതവും സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.അജിത് നന്ദിയും പറഞ്ഞു. സര്‍ക്കുലേഷന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഹിമേഷ് വി. നായര്‍, അസി. സെയില്‍സ് ഓര്‍ഗനൈസര്‍ വി.ആര്‍.രബീഷ്, പ്രൊമോട്ടര്‍മാരായ പ്രേം സന്തോഷ്, ജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

 

Print this news