സീഡ് പദ്ധതി മാതൃഭൂമിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണം

Posted By : ktmadmin On 13th July 2013


എരുമേലി: മാതൃഭൂമിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള മറ്റൊരു ഉദാഹരണമാണ് സീഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെന്ന് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ സി.എന്‍.തങ്കച്ചന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാല് വര്‍ഷമായി നടന്നുവരുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ മാതൃഭൂമി സീഡിന് സാധിച്ചിട്ടുണ്ട്. 'സമൂഹനന്‍മ കുട്ടികളിലൂടെ ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ജലം -ഭക്ഷണം-ജീവന്‍ എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കി നടത്തുന്ന ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിജയത്തിലെത്തട്ടേയെന്ന് എ.ഇ.ഒ. ആശംസിച്ചു. അധ്യാപകര്‍ സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണം.വിദ്യാഭ്യാസവകുപ്പിന്റെ എല്ലാ പിന്തുണയും പ്രോത്സാഹനവും സീഡ് പദ്ധതിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

മാതൃഭൂമി കോട്ടയം ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു അധ്യക്ഷത വഹിച്ചു. എരുമേലി ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ എസ്. അജയകുമാര്‍, വനംവകുപ്പ് പ്രതിനിധി കെ. കെ. രാജന്‍, എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.

സീഡ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളും കിട്ടിയ അറിവുകളും ആശയങ്ങളും അധ്യാപകര്‍ പങ്കുവച്ചു. ഭൂമിയെ പച്ചപുതപ്പിക്കാനും ജലവും ഭക്ഷണവും ജീവനും സംരക്ഷിക്കാനുമുള്ള ശ്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാനുള്ള ദൗത്യം അവര്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. സീഡ് പ്രതിജ്ഞയോടെയാണ് ചടങ്ങ് അവസാനിച്ചത്.

മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റര്‍ ടി. കെ. രാജഗോപാല്‍ സ്വാഗതവും സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ആര്‍. നിതിന്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി കോട്ടയം യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ പി. ജെ. ജോസ്, ആര്‍. നിതിന്‍ എന്നിവര്‍ പരിശീലന പരിപാടികള്‍ നയിച്ചു.
 

Print this news