കണ്ണൂര്‍: ഇന്ത്യയില്‍ ഓരോ പത്തുമിനിട്ടിലും ഒരാള്‍വീതം മരിക്കുന്നതിനുകാരണമായ പേവിഷബാധയെ ശ്രദ്ധേയമായ രോഗമായി പ്രഖ്യാപിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ എടച്ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തില്‍ ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് ഈ നിര്‍ദേശമുയര്‍ന്നത്. കേരളത്തില്‍ ഒരുലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ നായകടിച്ച് ഒരുവര്‍ഷം വാക്‌സിനേഷനെടുക്കുന്നുണ്ടെന്നും അമ്പതില്‍പ്പരം പേര്‍ മരിക്കുന്നുണ്ടെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ മൃഗസംരക്ഷണവകുപ്പ് റീജണല്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ പി.വി.മോഹനന്‍ പറഞ്ഞു. വാക്‌സിനേഷന്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം 23 കോടിരൂപ മുടക്കുന്നുണ്ടെന്നും ദേശീയതലത്തില്‍ 2000കോടി ഇതിനായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.