ജീവന്റെ പച്ചപ്പ് കാക്കാന്‍ പ്രതിജ്ഞയെടുത്ത് "സീഡ്' അധ്യാപകസംഗമം

Posted By : pkdadmin On 13th July 2013


പാലക്കാട്: കുഞ്ഞുകൈകള്‍ നാലുവര്‍ഷമായി നട്ടുവളര്‍ത്തിയ "സീഡി'ന്റെ ഹരിതാഭയില്‍ അവര്‍ ഒത്തുചേര്‍ന്നു. ഒരുതുള്ളി വെള്ളത്തിന് ജീവന്റെ വിലയുണ്ടെന്നും ജൈവസമൃദ്ധി വരുംകാലത്തേക്കുള്ള ഈടുവെപ്പാണെന്നും തിരിച്ചറിഞ്ഞുള്ള കൂട്ടായ്മയായിരുന്നു അത്. സമൂഹനന്മയ്ക്കായി കണ്ണിചേരാനും ജീവന്റെ തുടിപ്പിനെ കൈക്കുമ്പിളിലെന്നപോലെ സംരക്ഷിക്കാനുമുള്ള പ്രതിജ്ഞപുതുക്കലായി മാറി, മാതൃഭൂമി "സീഡി'ന്റെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപകസംഗമം. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ നടന്ന പരിശീലനപരിപാടി ഫെഡറല്‍ ബാങ്ക് എ.ജി.എം. ടി.എന്‍. പ്രസാദ് ഉദ്ഘാടനംചെയ്തു. മനുഷ്യന്റെ പ്രകൃതിചൂഷണത്തിന്റെ തിരിച്ചടികളാണ് പല പ്രകൃതിദുരന്തങ്ങളെന്നും ഉത്തരാഖണ്ഡ് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭൂമി നട്ടുപരിപോഷിപ്പിച്ച സീഡ്പദ്ധതി പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ പങ്കാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവജാലങ്ങള്‍ വംശമറ്റുപോകുമ്പോള്‍ പരിസ്ഥിതിസംരക്ഷണത്തിന് യോജിച്ച പദ്ധതികള്‍ നടപ്പാക്കി ഭാവിതലമുറയോടുള്ള കടമ നിര്‍വഹിക്കണമെന്ന് മുഖ്യാതിഥിയായ പോലീസ്‌സൂപ്രണ്ട് രാജ്പാല്‍ മീണ പറഞ്ഞു. കുടിവെള്ളക്ഷാമം നേരിടുന്ന പാലക്കാട്ട്, സീഡ്‌പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യമേറെയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലോകത്ത് ആയിരങ്ങള്‍ വിശന്നുമരിക്കുമ്പോള്‍ ഒരുനുള്ള് ഭക്ഷണവും പാഴാക്കരുതെന്ന് അധ്യാപകര്‍ സീഡ് പ്രതിജ്ഞയെടുത്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ്മാനേജര്‍ കെ. സേതുമാധവന്‍നായര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി എഡിറ്റര്‍ ടി. അരുണ്‍കുമാര്‍, ന്യൂസ്എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ചീഫ് സബ്എഡിറ്റര്‍ രാജന്‍ ചെറുക്കാട്, സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ്, സീസണ്‍വാച്ച് കോ-ഓര്‍ഡിനേറ്റര്‍ കെ. നിസാര്‍, വിദ്യാഭ്യാസ ജില്ലാ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ആര്‍. ജയചന്ദ്രന്‍, പി. രാഗേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരും സീഡ് അനുഭവങ്ങള്‍ പങ്കിട്ടു. പരിസ്ഥിതി കവിതാലാപനവുമുണ്ടായി.

Print this news