ചെമ്മണ്ണാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചു

Posted By : idkadmin On 4th October 2013


 ചെമ്മണ്ണാര്‍: ചെമ്മണ്ണാര്‍ സെന്റ്‌സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ ഗാന്ധിജയന്തി ദിനം പഠനപ്രവര്‍ത്തനങ്ങളുടെ വേദിയാക്കി. പ്രകൃതിയെ സംരക്ഷിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്ന സന്ദേശം പങ്കുവച്ച് സ്‌കൂള്‍വളപ്പിലും കുട്ടികള്‍ തങ്ങളുടെ വീടുകളിലും മഴക്കുഴികള്‍ നിര്‍മ്മിച്ചു. തൊഴിലിന്റെ മഹത്ത്വം വെളിവാക്കുന്ന ഗാന്ധിജിയുടെ ആത്മകഥയിലെ ഒരുഭാഗം സ്‌കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ച ശേഷമായിരുന്നു മഴക്കുഴിനിര്‍മ്മാണം. ഗാന്ധിജയന്തി ദിനം മുതല്‍ ഒരാഴ്ച സീഡ് ക്ലബ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധിജിയുടെ ജീവചരിത്രം അടിസ്ഥാനമാക്കി ഫോട്ടാപ്രദര്‍ശനം, ക്വിസ് പ്രോഗ്രാം, ഉപന്യാസരചന, സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ സ്‌കൂള്‍വളപ്പിലെ പച്ചക്കറിത്തോട്ടങ്ങളോടു ചേര്‍ന്നാണ് പൊതു മഴക്കുഴി നിര്‍മ്മിച്ചത്. ഹെഡ്മാസ്റ്റര്‍ ജോസഫ് ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് പാട്ടത്തെക്കുഴി ഗാന്ധിജയന്തിദിന സന്ദേശം നല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബിനോ ഫിലിപ്പ്, അധ്യാപകനായ സോജന്‍ ജോസഫ്, വിദ്യാര്‍ഥിപ്രതിനിധി ക്രിസ്തുരാജ് ഹൃദയരാജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Print this news