ആലപ്പുഴ: പ്ലാസ്റ്റിക് ബാഗുകളും കവറുകളും സംസ്കരിക്കാന്‍ വഴിയില്ലാതെ നെട്ടോട്ടമോടുന്നവര്‍ക്കുള്ള മറുപടി മുഹമ്മ കെ.പി.മെമ്മോറിയല്‍ യു.പി.സ്കൂളിലെ കുരുന്നുകള്‍ തരും.
പഴയ വസ്ത്രങ്ങളില്‍നിന്ന് തുണി സഞ്ചിയുണ്ടാക്കിയാണ് സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.
അമ്മമാരില്‍നിന്നും അധ്യാപകരില്‍നിന്നും പഴയ സാരികളും മറ്റുവസ്ത്രങ്ങളും ശേഖരിച്ചാണ് ഇവര്‍ തുണി സഞ്ചികള്‍ ഉണ്ടാക്കുന്നത്. മൊബൈല്‍ ഇടാനുള്ള പ്രത്യേക സൗകര്യങ്ങളടങ്ങിയ ബാഗാണ് കുരുന്നുകള്‍ നിര്‍മിച്ചത്.
തയ്യലറിയാവുന്ന അമ്മമാരും തയ്യലില്‍ താത്പര്യമുള്ള സീഡ് ക്ലബ് അംഗങ്ങളും ചേര്‍ന്നാണ് സഞ്ചികള്‍ ഒരുക്കിയത്.
നിര്‍മിച്ച സഞ്ചികള്‍ സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിതരണം ചെയ്തു.
സീഡ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍മാരായ എം.പി.ബീന, ടി.എസ്.ഗിരിജ, ഹെഡ്മിസ്ട്രസ് മഞ്ജു പി.നായര്‍ എന്നിവരുടെ പൂര്‍ണപിന്തുണയോടെയാണ് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം. പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്.