ബിയാട്രീസിന് 104, മിതാഹാരവും കഠിനാധ്വാനവും ആരോഗ്യരഹസ്യം

Posted By : Seed SPOC, Alappuzha On 4th October 2013



ചേര്‍ത്തല: നൂറ്റിനാലാം വയസ്സിലും തെളിഞ്ഞുനില്‍ക്കുന്ന ചുറുചുറുക്കിന്റെ രഹസ്യം ചോദിച്ച കുട്ടികളോട് ബിയാട്രീസ് പറഞ്ഞു- "മിതാഹാരവും കഠിനാധ്വാനവും ശരിയായ പ്രാര്‍ഥനയും തന്നെ ആരോഗ്യരഹസ്യം'. വയോജനദിനത്തില്‍ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ആദരിക്കാനെത്തിയ കുട്ടികള്‍ക്കാണ് മുത്തശ്ശിയുടെ ആരോഗ്യസന്ദേശം.
തങ്കി സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബും ജെ.ആര്‍.സി. അംഗങ്ങളും ചേര്‍ന്നാണ് കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തതിര്‍ത്തിയില്‍ ഏറ്റവും പ്രായം ചെന്ന ബിയാട്രീസ് മുത്തശ്ശിയെ ആദരിച്ചത്. കുട്ടികള്‍ക്കൊപ്പം പാട്ടുപാടി, കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച മുത്തശ്ശി ഏറെനേരം അവരോടൊപ്പം ചെലവഴിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എം.ജേക്കബ്, അധ്യാപകരായ സി.ശിവദാസന്‍, ഇറോം ജോസ്, സി.എ.അലക്‌സാണ്ടര്‍, പി.ജെ.ജേക്കബ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മോഡിജോണ്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
 

Print this news